ഭൂമി കൈമാറ്റ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി. കൃഷിക്ക് ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം.
മേജാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. അമ്മ കമലാദേവി (65) മകന്‍ ദിനേശ് പാസിയുടെ (35) പേരിലേക്ക് ഭൂമി എഴുതി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കമലാദേവിയുടെ വീടിന് പുറത്ത് നിന്ന് കണ്ടെടുത്ത തലയില്ലാത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
ദിനേശ് പാസി മയക്കുമരുന്നിന് അടിമയാണെന്നും കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണെന്നും സീതാപൂര്‍ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.