കള്ളപ്പണത്തെക്കുറിച്ച് കോണ്‍ഗ്രസ് എംപി ധീരജ് സാഹു മുമ്പെഴുതിയ ട്വീറ്റ് വൈറലാകുന്നു. സാഹുവില്‍ നിന്ന് ഇതുവരെ 351 കോടി രൂപയുടെ കള്ളപ്പണമാണ് ആദായനികുതി വകുപ്പ് പിടികൂടിയത്. ഈ സാഹചര്യത്തിലാണ് സാഹുവിന്റെ കഴിഞ്ഞ വര്‍ഷത്തെ ട്വീറ്റ് വൈറലാകുന്നത്. 2022 ആഗസ്റ്റ് 12നായിരുന്നു സാഹുവിന്റെ പോസ്റ്റ്.
നോട്ട് നിരോധനത്തിന് ശേഷവും രാജ്യത്ത് ഇത്രയധികം കള്ളപ്പണവും അഴിമതിയും കാണുമ്പോള്‍ എന്റെ ഹൃദയം വേദനിക്കുന്നു. ആളുകള്‍ക്ക് എവിടെ നിന്നാണ് ഇത്രയധികം കള്ളപ്പണം കുമിഞ്ഞുകൂടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കാന്‍ കഴിയുമെങ്കില്‍ അത് കോണ്‍ഗ്രസിന് മാത്രമാണെന്നും അദ്ദേഹം കുറിച്ചു.
സാഹുവിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ബിജെപിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയാണ് പുറത്തുവിട്ടത്. സാഹുവുമായി ബന്ധപ്പെട്ട ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളിലെയും ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയുടെ ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. അഞ്ച് ദിവസമായി തുടരുന്ന റെയ്ഡില്‍ 351 കോടി രൂപ പിടിച്ചെടുത്തു. ഡിസ്റ്റിലറി ധീരജ് സാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തെ, ജാര്‍ഖണ്ഡിലെ എംപിയുടെ വസതികളില്‍ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു.
അതേസമയം, വിവാദത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.