കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപിക്ക് ലഭിച്ചത് ഏകദേശം 1300 കോടി രൂപ. ബിജെപിയുടെ മൊത്തം വരുമാനത്തിന്റെ 54 ശതമാനമാണ് ഇലക്ടറല്‍ ബോണ്ടുകളിലൂടെ ലഭിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ ഏഴിരട്ടിയാണിത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1294.14 കോടിയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് ലഭിച്ചത്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2361 കോടിയായിരുന്നു ബിജെപിയുടെ മൊത്തം വരുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1917 കോടിയായിരുന്നു.
ഇലക്ടറല്‍ ബോണ്ടുകള്‍ ഉള്‍പ്പടെ സംഭാവനകളിലൂടെ 2120.06 കോടി രൂപയാണ് ബിജെപിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത്. ബാങ്ക് പലിശയിനത്തില്‍ 237.3 കോടി രൂപ പാര്‍ട്ടിക്ക് ലഭിച്ചു. മുന്‍വര്‍ഷത്തില്‍ ഇത് 133.3 കോടി രൂപയായിരുന്നു. തിരഞ്ഞെടുപ്പുകള്‍ക്കായി 1092.15 കോടി രൂപയാണ് ബിജെപി ചെലവാക്കിയത്. തിരഞ്ഞെടുപ്പുകള്‍ക്കായി കോണ്‍ഗ്രസ് ചെലവാക്കിയതിനേക്കാള്‍ അഞ്ചിരട്ടിയാണിത്.
432 കോടി രൂപയാണ് തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായി ബിജെപി കഴിഞ്ഞ വര്‍ഷം ചെലവാക്കിയത്. വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും വാടകയിനത്തില്‍ 78 കോടി രൂപ ചെലവായിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായമായി 75 കോടി രൂപയും വാര്‍ത്താ സമ്മേളനങ്ങള്‍ക്കും മറ്റുമായി 71 കോടി രൂപയും ചെലവാക്കിയതായും കണക്കിലുണ്ട്.
കോണ്‍ഗ്രസിന് ഇലക്ടറല്‍ ബോണ്ട് വഴി കഴിഞ്ഞ വര്‍ഷം ലഭിച്ചത് 171.02 കോടി മാത്രമാണ്. 2022-23 വര്‍ഷത്തില്‍ ഇത് 236.09 കോടി രൂപയായിരുന്നു. 452 കോടി മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ ആകെ വരുമാനം. ഇതില്‍ തിരഞ്ഞെടുപ്പുകള്‍ക്കായി 192 കോടി ചെലവാക്കിയിട്ടുണ്ട്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രക്കായി ചെലവാക്കിയത് 71 കോടി രൂപയാണ്.