ബിജെപിയെ നേരിടാന്‍ തനിക്ക് ശക്തിയില്ലെന്നും ജയിലിനെ ഭയപ്പെടുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അമ്മയോട് പറഞ്ഞു കരഞ്ഞു ; വെളിപ്പെടുത്തി രാഹുല്‍ഗാന്ധി

ബിജെപിയെ നേരിടാന്‍ തനിക്ക് ശക്തിയില്ലെന്നും ജയിലിനെ ഭയപ്പെടുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അമ്മയോട് പറഞ്ഞു കരഞ്ഞു ; വെളിപ്പെടുത്തി രാഹുല്‍ഗാന്ധി
പലരും ഭയംകൊണ്ടാണ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ചുള്ള മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി ജെപിയില്‍ ചേരാനുള്ള സമ്മര്‍ദ്ദത്തെക്കുറിച്ച് കരഞ്ഞുകൊണ്ടാണ് സോണിയ ഗാന്ധിയോട് സംസാരിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

''ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയോട് വ്യക്തിപരമായി സംസാരിക്കുകയും അക്ഷരാര്‍ത്ഥത്തില്‍ കരയുകയും ചെയ്തു. ബിജെപിയെ നേരിടാന്‍ തനിക്ക് ശക്തിയില്ലെന്നും ജയിലിനെ ഭയപ്പെടുന്നുവെന്നും അദ്ദേഹം സമ്മതിച്ചു'' രാഹുല്‍ ഗാന്ധി പറഞ്ഞു. നേതാവിന്റെ പേര് പറഞ്ഞില്ലെങ്കിലും ബിജെപിയില്‍ ചേരുകയും ഉടന്‍ തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി അശോക് ചവാനെയാണ് രാഹുല്‍ പരാമര്‍ശിച്ചതെന്നാണ് നിഗമനം. എന്‍ഡിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ധവളപത്രത്തില്‍ ചവാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ആദര്‍ശ് ഭവന അഴിമതിയെക്കുറിച്ച് പരാമര്‍ശമുണ്ട്.

മോദി ഗവണ്‍മെന്റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മഹാസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ''നാം അധികാരത്തോടാണ് പോരാടുന്നത്. എന്താണ് ഈ അധികാരം എന്നതാണ് ചോദ്യം. രാജാവിന്റെ ആത്മാവ് കുടികൊള്ളുന്നത് ഇവിഎമ്മിലും ഇഡിയിലും സിബിഐയിലും ആദായനികുതിയിലുമാണ് .'' മോദിയെ പരിഹസിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

മണിപ്പൂര്‍ തൊട്ട് മുംബൈ വരെ യാത്ര നടത്തി. വാക്കുകള്‍ കൊണ്ട് താന്‍ കണ്ട കാര്യങ്ങള്‍ വിവരിക്കാന്‍ സാധിക്കില്ല. പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല. ഒരു ശക്തിക്കെതിരെയാണ്. നരേന്ദ്രമോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. തിരഞ്ഞെടുപ്പ് യന്ത്രങ്ങള്‍ ഇല്ലെങ്കില്‍ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ജയിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. ബാലറ്റ് പേപ്പറുകളും എണ്ണണം എന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് അനുവദിക്കുന്നില്ല. എല്ലാവരുടെയും ശ്രദ്ധ തിരിക്കുകയാണ് മോദിയുടെ ജോലിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Other News in this category



4malayalees Recommends