'ഞാന്‍ സ്വര്‍ഗത്തിലാണ്, ജീവിതം ആസ്വദിക്കുകയാണ്' ; കൊലക്കേസ് പ്രതിയുടെ ജയിലില്‍ നിന്നുള്ള ലൈവ് വീഡിയോയ്ക്ക് പിന്നാലെ ജയില്‍ ജീവനക്കാര്‍ക്ക് എട്ടിന്റെ പണി

'ഞാന്‍ സ്വര്‍ഗത്തിലാണ്, ജീവിതം ആസ്വദിക്കുകയാണ്' ; കൊലക്കേസ് പ്രതിയുടെ ജയിലില്‍ നിന്നുള്ള ലൈവ് വീഡിയോയ്ക്ക് പിന്നാലെ ജയില്‍ ജീവനക്കാര്‍ക്ക് എട്ടിന്റെ പണി
ഉത്തരപ്രദേശിലെ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ. ബരേലി സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആസിഫ് ഖാന്‍ എന്ന പ്രതിയാണ് സമൂഹ മാധ്യമത്തിലൂടെ ലൈവായി വീഡിയോ സ്ട്രീം ചെയ്തത്.കഴിഞ്ഞ ദിവസങ്ങളിലാണ് ആസിഫ് ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 'ഞാന്‍ സ്വര്‍ഗത്തിലാണ്, ജീവിതം ആസ്വദിക്കുകയാണ്' എന്ന് പറയുന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വൈറലായത്. സുഹൃത്തുക്കള്‍ക്കായി ചെയ്ത വീഡിയോയില്‍ താന്‍ ഉടന്‍ തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്നും ഇയാള്‍ പറയുന്നുണ്ട്.

വീഡിയോ വൈറലായതോടെ ബരേലി എസ്പി രാഹുല്‍ ഭാട്ടി അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇയാള്‍ ജയിലില്‍ നിന്ന് ലൈവ്ബ് സ്ട്രീം ചെയ്യുന്നതിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബരേലി സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി ജയിലറെ ലഖ്‌നൗവിലെ ജയില്‍ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. മൂന്ന് ജയില്‍ വാര്‍ഡന്മാരെ സസ്‌പെന്‍ഡ് ചെയ്തു.

ഷാജഹാന്‍പൂരിലെ സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2019 ഡിസംബര്‍ രണ്ടിന് പിഡബ്ല്യുഡി കരാറുകാരന്‍ രാകേഷ് യാദവിനെ (34) പട്ടാപ്പകല്‍ വെടിവച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് അസ്സി ഖാനെ ജയിലിലടച്ചിരുന്നത്. സംഭവത്തില്‍ ഇയാളുടെ കൂട്ടാളിയായ രാഹുല്‍ ചൗധരിയും ബരേലി സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയില്‍ കഴിയുകയാണ്

ഇരുവരെയും ആദ്യം ഷാജഹാന്‍പുരിലെ ജില്ലാ ജയിലിലാണ് തടവില്‍ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇവര്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ബരേലി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിന് പിന്നാലെ മരിച്ച യാദവിന്റെ സഹോദരന്‍ വ്യാഴാഴ്ച ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends