ഡെര്‍ബിയില്‍ ഹൃദയഹാരിയായ ഗാനങ്ങള്‍ സമ്മാനിച്ച് മനോഹരമായ സായാഹ്നം ; ''ഹൃദയ ഗീതങ്ങളെ'' നെഞ്ചോട് ചേര്‍ത്ത് സംഗീത ആസ്വാദകര്‍

ഡെര്‍ബിയില്‍ ഹൃദയഹാരിയായ ഗാനങ്ങള്‍ സമ്മാനിച്ച് മനോഹരമായ സായാഹ്നം ; ''ഹൃദയ ഗീതങ്ങളെ'' നെഞ്ചോട് ചേര്‍ത്ത് സംഗീത ആസ്വാദകര്‍
പാട്ടുകളുടെ മാന്ത്രികത തിരിച്ചറിയുന്ന നിമിഷങ്ങള്‍... ചില അനുഗ്രഹീത ഗായകര്‍ തങ്ങളുടെ മനോഹരമായ ആവിഷ്‌കാരത്തിലൂടെ ഓരോ ഹൃദയങ്ങളേയും തൊട്ടുണര്‍ത്തും. ഡെര്‍ബിയിലെ ഹൃദയഗീതങ്ങള്‍ മനസിനെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കുകയായിരുന്നു.

മനോഹരമായ ഒരു സായാഹ്നമാണ് സംഗീത ആസ്വാദകര്‍ക്ക് പതിനഞ്ചോളം ഗായകര്‍ സമ്മാനിച്ചത്.

ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഡര്‍ബി സെന്റ് ജോണ്‍സ് ഇവാഞ്ചലിക്കല്‍ പള്ളിയുടെ ഹാളില്‍ സംഘടിപ്പിച്ച സംഗീയ പരിപാടി ആസ്വാദകര്‍ക്ക് എന്നെന്നും മനസില്‍ ഓര്‍ത്തുവയ്ക്കാവുന്ന മുഹൂര്‍ത്തങ്ങളായി


സംഘാടകരായ ശ്രീ ബിജു വര്‍ഗീസ്, ശ്രീ ജോസഫ് സ്റ്റീഫന്‍ എന്നിവരോടൊപ്പം ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് അഡൈ്വസര്‍ ശ്രീ ജഗ്ഗി ജോസഫും അവതാരകന്‍ ശ്രീ രാജേഷ് നായരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഹൃദയഗീതങ്ങള്‍ സംഗീത സായാഹ്നം ഉദ്ഘാടനം ചെയ്തു


പാട്ടുകളുടെ കഥകളും സന്ദര്‍ഭങ്ങളും വിശദീകരിച്ച് ഗാനാസ്വാദനത്തിന്റെ മറ്റൊരു ലോകം തന്നെ തുറന്ന വേദി ഒരുപിടി നല്ല ഗാനങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ശ്രീ ജോസഫ് സ്റ്റീഫന്റെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പരിശീലനം ഗാനാവതരണത്തിന് മികവു കൂട്ടി.

ജോസഫ് സ്റ്റീഫന്‍, ബിജു വര്‍ഗീസ്, അതുല്‍ നായര്‍, പ്രവീണ്‍ റെയ്മണ്ട്, അയ്യപ്പ കൃഷ്ണദാസ്, മനോജ് ആന്റണി, അലക്‌സ് ജോയ്, റിജു സാനി, സിനി ബിജോ, ജിത രാജ്, ജിജോള്‍ വര്‍ഗീസ്, ദീപ അനില്‍, ബിന്ദു സജി എന്നീ ഗായകരോടൊപ്പം വിവിധ രാജ്യങ്ങളില്‍ സംഗീത സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുകയും, സംവിധാനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്ത രാജേഷ് നായര്‍ ആയിരുന്നു അവതാരകന്‍.


ഒരു ഭക്ഷ്യമേള തന്നെ ഒരുക്കി ഡലീഷ്യസ് കിച്ചണ്‍, ഡര്‍ബിയും ഒപ്പം ചേര്‍ന്നപ്പോള്‍ സംഗീത പ്രേമികള്‍ക്ക് അവിസ്മരണീയ അനുഭവമാണ് ഹൃദയഗീതങ്ങള്‍ സമ്മാനിച്ചത്. ഹാളിലെ ശബ്ദ വിന്യാസം നിയന്ത്രിച്ച ബിജു വര്‍ഗ്ഗീസ് മികച്ച ശ്രവണസുഖമാണ് ആസ്വാദകര്‍ക്ക് സമ്മാനിച്ചത്.

ഇത്തരത്തിലുള്ള സംഗീത പരിപാടികള്‍ ഇനിയും നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച സംഗീതാസ്വാദകരോട് നടത്താമെന്ന ഉറപ്പും നല്‍കിയാണ് സംഗീത സായാഹ്നത്തിന് തിരശ്ശീല വീണത്.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.

വാര്‍ത്ത: ബിജു വര്‍ഗ്ഗീസ്


Other News in this category



4malayalees Recommends