കോണ്‍ഗ്രസിന് വീണ്ടും കുരുക്ക് ; സാമ്പത്തിക പ്രതിസന്ധിക്കിടെ 1700 കോടിയുടെ പുതിയ നോട്ടീസ് കൈമാറി ആദായ നികുതി വകുപ്പ്

കോണ്‍ഗ്രസിന് വീണ്ടും കുരുക്ക് ; സാമ്പത്തിക പ്രതിസന്ധിക്കിടെ 1700 കോടിയുടെ പുതിയ നോട്ടീസ് കൈമാറി ആദായ നികുതി വകുപ്പ്
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ പുതിയ നോട്ടീസ്. 1700 കോടിയുടെ പുതിയ നോട്ടീസ് ആദായ നികുതി വകുപ്പ് പാര്‍ട്ടിക്ക് കൈമാറി. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയും അടങ്ങുന്നതാണ് തുക. അതേസമയം ആദായനികുതി വകുപ്പിന്റെ ഇടപെടലുകളെ തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

2017-18 മുതല്‍ 202021 ലെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള ആദായനികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ നടപടി. 2014-15 മുതല്‍ 2016-17 വരെയുള്ള പുനര്‍നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ പുനര്‍നിര്‍ണയത്തിനുള്ള കാലാവധി ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഞായറാഴ്ച കഴിയും. അതിന് മുമ്പ് പുനര്‍നിര്‍ണയം നടത്തി പിഴയും പലിശയുമടക്കം മറ്റൊരു നോട്ടീസ് കൂടി കോണ്‍ഗ്രസിന് നല്‍കാനാണ് സാധ്യത. അതേസമയം, അനുബന്ധ രേഖകള്‍ ഒന്നും വയ്ക്കാതെയാണ് നോട്ടീസ് കൈമാറിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നീക്കം ജനാധിപത്യവിരുദ്ധമാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

Other News in this category



4malayalees Recommends