നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രയില്‍ വോട്ടറെ തല്ലി വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ. വോട്ട് ചെയ്യാനുള്ള വരി തെറ്റിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ച എംഎല്‍എയെ തടഞ്ഞതിനായിരുന്നു തല്ലിയതെന്നാണ് ആരോപണം. ഗുണ്ടൂര്‍ ജില്ലയിലെ ഒരു ബൂത്തിലാണ് സംഭവം.
വൈഎസ്ആര്‍ എംഎല്‍എ എ ശിവകുമാര്‍ വോട്ടറെ മുഖത്ത് അടിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വോട്ടര്‍ ഇയാളെ തിരിച്ചടിച്ചു. എന്നാല്‍ ഇതോടെ എംഎല്‍എയുടെ സഹായികള്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. വോട്ട് ചെയ്യാന്‍ കാത്തുനിന്നവര്‍ എംഎല്‍എയുടെ സഹായികളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ 10 സെക്കന്റ് വീഡിയോയില്‍ വോട്ടറെ സഹായിക്കാന്‍ സുരക്ഷാ ജീവനക്കാരാരും ഇടപെടുന്നതായി കാണുന്നില്ല.
എംഎല്‍എയുടെ കയ്യേറ്റം സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം നേരിടുകയാണ്. ആന്ധ്രപ്രദേശിലെ 25 ലോക്‌സഭാ സീറ്റിലേക്കും 175 അസംബ്ലി സീറ്റിലേക്കും ഇന്നാണ് വോട്ടിങ് നടന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, ബിജെപിതെലുങ്കുദേശം പാര്‍ട്ടി സഖ്യം, കോണ്‍ഗ്രസ് എന്നിങ്ങനെ മൂന്ന് മുന്നണികളുടെ ത്രികോണ മത്സരത്തിനാണ് ആന്ധ്ര ഇക്കുറി സാക്ഷിയാകുന്നത്.