ഡോക്ടറാവാന്‍ ആഗ്രഹിച്ചെങ്കിലും വിധി വില്ലനായി ; പെണ്‍കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം

ഡോക്ടറാവാന്‍ ആഗ്രഹിച്ചെങ്കിലും വിധി വില്ലനായി ; പെണ്‍കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം
പത്താംക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 16 വയസ്സുകാരി മസ്തിഷ്‌ക രക്തസ്രാവം മൂലം മരിച്ചു. ഗുജറാത്തിലെ മോര്‍ബിയില്‍ ബുധനാഴ്ചയാണ് സംഭവം.

ഹീര്‍ ഗെതിയ എന്ന പെണ്‍കുട്ടിയാണ് ചികിത്സക്കിടെ മരണത്തിന് കീഴടങ്ങിയത്. ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡിന്റെ (ജിഎസ്ഇബി)പത്താം ക്ലാസ് പരീക്ഷാ ഫലം മേയ് 11നാണ് പ്രഖ്യാപിച്ചത്. പത്താം ക്ലാസ് പരീക്ഷയില്‍ 99.70 ശതമാനം മാര്‍ക്കാണ് ഹീര്‍ ഗെതിയ നേടിയത്.

മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് രാജ്‌കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോയെങ്കിലും ഒരാഴ്ച മുമ്പ് അവള്‍ക്ക് വീണ്ടും ശ്വാസതടസ്സവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും തുടങ്ങി. അവളെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിന്റെ 80 മുതല്‍ 90 ശതമാനം വരെ പ്രവര്‍ത്തനം നിലച്ചതായി എംആര്‍ഐ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച ഹീര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ അവളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി മുന്നോട്ട് വരികയായിരുന്നു. പെണ്‍കുട്ടിയുടെ കണ്ണുകളും ശരീരവും ദാനം ചെയ്തു കൊണ്ടാണ് മാതൃകയായത്.

'ഹീറിന് ഒരു ഡോക്ടറാകാനാണ് ആഗ്രഹം. ഞങ്ങള്‍ അവളുടെ ശരീരം ദാനം ചെയ്തു. അതിനാല്‍ അവള്‍ക്ക് ഡോക്ടറാകാന്‍ കഴിഞ്ഞില്ലെങ്കിലും, മറ്റ് ജീവന്‍ രക്ഷിക്കാന്‍ അവള്‍ക്ക് സഹായിക്കാനാകും,' അവളുടെ പിതാവ് പറഞ്ഞു.

Other News in this category



4malayalees Recommends