രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന വാദം ; ഹിമന്തയ്ക്ക് ബുദ്ധി കുറവെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന വാദം ; ഹിമന്തയ്ക്ക് ബുദ്ധി കുറവെന്ന് കോണ്‍ഗ്രസ്
രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ ആരോപണത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ്. ഭരണഘടനയുടെ പകര്‍പ്പിന് പ്രത്യേകം നിറം ഇല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുല്‍ റാലിക്കിടെ ചുവപ്പ് നിറത്തിലുള്ള കവറോട് കൂടിയ ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തികാട്ടിയിരുന്നു.

ചൈനീസ് ഭരണഘടന ചുവപ്പ് നിറത്തിലാണെന്നും രാഹുല്‍ ഗാന്ധി റാലികളില്‍ ഇതിന്റെ പകര്‍പ്പാണ് ഉയര്‍ത്തികാട്ടുന്നതെന്നുമാണ് ഹിമന്ത ബിശ്വശര്‍മ്മ ആരോപിച്ചത്. യഥാര്‍ത്ഥ ഇന്ത്യന്‍ ഭരണഘടനയ്ക്ക് നീല നിറമാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ വാദിച്ചിരുന്നു.

'ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പ് നീല നിറത്തിലാണ്. ചൈനീസ് ഭരണഘടന ചുവപ്പ് നിറത്തിലും. രാഹുല്‍ ഗാന്ധി ചൈനീസ് ഭരണഘടനയാണോ കൈയ്യില്‍ കരുതുന്നത്? സ്ഥിരീകരിക്കേണ്ടതുണ്ട്. എന്നായിരുന്നു ഹിമന്ത ബിശ്വശര്‍മയുടെ ട്വീറ്റ്. നീല നിറത്തിലുള്ള കവറോട് കൂടിയ ഇന്ത്യന്‍ ഭരണഘടനയുടെ ചിത്രവും ചുവന്ന കവറോട് കൂടിയ ഭരണഘടന രാഹുല്‍ ഗാന്ധി ഉയര്‍ത്തികാട്ടുന്നതിന്റെയും ചിത്രം പങ്കുവെച്ചായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്

സംഭവം ചര്‍ച്ചയായതോടെ നിരവധി പേര്‍ പ്രതികരിച്ച് രംഗത്തെത്തി. ചുവന്ന കവറോട് കൂടി ഇന്ത്യന്‍ ഭരണഘടനയുടെ പോക്കറ്റ് എഡിഷന്‍ ഉണ്ടെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് മറുപടിയുമായി അസം കോണ്‍ഗ്രസ് അധ്യക്ഷനും രംഗത്തുവന്നു. 'ഹിമന്ത, നിങ്ങള്‍ക്ക് വര്‍ണ്ണാന്ധതയില്ലെന്ന് ഞാന്‍ അംഗീകരിക്കുന്നു. മറിച്ച് ബുദ്ധിക്കുറവാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍ ഒരു നിശ്ചിത നിറത്തിലായിരിക്കണമെന്നില്ല. അത് ചുവപ്പ്, പച്ച, നീല, എന്തും ആകാം' എന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേന്‍ കുമാര്‍ ബോറ പറഞ്ഞു. ചുവന്ന നിറത്തിലുള്ള കവറോട് കൂടിയ ഇന്ത്യന്‍ ഭരണഘടന യുത്ത് കോണ്‍ഗ്രസും പങ്കുവെച്ചു.

Other News in this category4malayalees Recommends