'എന്റെ വീട്ടുകാരെ പറഞ്ഞാല്‍ ഞാനും അടിക്കും'; കങ്കണയുടെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, പഴയ നിലപാട് ചര്‍ച്ചയാക്കുന്നു

'എന്റെ വീട്ടുകാരെ പറഞ്ഞാല്‍ ഞാനും അടിക്കും'; കങ്കണയുടെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, പഴയ നിലപാട് ചര്‍ച്ചയാക്കുന്നു
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നിയുക്ത ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിന് വിമാനത്താവളത്തില്‍ വെച്ച് അടി കിട്ടിയത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ്. കുല്‍വീന്ദര്‍ കൗര്‍ എന്ന സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളായിരുന്നു കങ്കണയുടെ കരണത്തടിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു അടിയുമായി ബന്ധപ്പെട്ട് കങ്കണയുടെ പഴയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.

2022ലെ ഓസ്‌കറില്‍, ഹോളിവുഡ് താരം വില്‍ സ്മിത്ത് ഹാസ്യനടന്‍ ക്രിസ് റോക്കിനെ തല്ലിയതിനെ കുറിച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്. ഭാര്യ, ജാഡ പിങ്കറ്റിനെ പരിഹസിച്ചതിനായിരുന്നു ക്രിസ് റോക്കിനെ വില്‍ സ്മിത്ത് തല്ലിയത്. അലോപ്പീസിയ എന്ന മുടികൊഴിച്ചില്‍ രോഗബാധിതയായതിനാല്‍ ആ സമയത്ത് പിങ്കറ്റ് തല മൊട്ടയടിച്ചിരുന്നു. ഇത് പരിഹസിച്ചതാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചിരുന്നത്.

അടിയില്‍ സ്മിത്തിനെ ന്യായീകരിച്ച് കൊണ്ടായിരുന്നു കങ്കണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 'തന്റെ കുടുംബത്തിന്റെ അസുഖം പറഞ്ഞ് ആരെങ്കിലും മറ്റുള്ളവരെ രസിപ്പിക്കാന്‍ നോക്കിയാല്‍ ഞാനും അടിക്കും' എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. സ്മിത്തിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ കൈ അടിക്കുന്ന ഇമോജിയും കങ്കണ ചേര്‍ത്തിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തന്റെ വീട്ടുകാരെ പറഞ്ഞതിലാണ് കുല്‍വീന്ദറും പ്രതികരിച്ചതെന്നും പഴയ പോസ്റ്റിനോട് നീതി പുലര്‍ത്തുണ്ടെങ്കിലും ഈ അടിയേയും ന്യായീകരിക്കേണ്ടി വരുമെന്നായിരുന്നു കങ്കണയുടെ പഴയ പോസ്റ്റ് പങ്കുവെച്ച് ഒരാള്‍ കുറിച്ചത്.

ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വെച്ച് ജൂണ്‍ 6നാണ് കങ്കണയുടെ കരണത്ത് കുല്‍വീന്ദര്‍ തല്ലിയത്. 100 രൂപ ദിവസക്കൂലിക്കാണു കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന കങ്കണയുടെ പ്രസ്താവനയോടുളള രോഷമാണ് മര്‍ദനത്തിനു കാരണമെന്ന് വനിതാ കോണ്‍സ്റ്റബിളായ കുല്‍വീന്ദര്‍ പറഞ്ഞിരുന്നു.Other News in this category4malayalees Recommends