50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍ സന്ദേശം; യുപിയില്‍ പൊലീസുകാരന്റെ ആറുവയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍ സന്ദേശം; യുപിയില്‍ പൊലീസുകാരന്റെ ആറുവയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഉത്തര്‍പ്രദേശില്‍ മോചന ദ്രവം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പൊലീസുകാരന്റെ മകനെ അക്രമികള്‍ കൊലപ്പെടുത്തി. മീററ്റിലെ ഇഞ്ചോളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ധന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. യുപി പൊലീസില്‍ കോണ്‍സ്റ്റബിളായ ഗോപാല്‍ യാദവിന്റെ ആറുവയസുള്ള മകന്‍ പൂനീതിനെ ആണ് അക്രമികള്‍ കൊലപ്പെടുത്തിയത്. സഹരന്‍പൂര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഗോപാലിന്റെ മകനെ ഞാറാഴ്ച രാവിലെ എട്ട് മണിയോടെയാണ് കാണാതാവുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി.

മകനായുള്ള തെരച്ചില്‍ നടക്കുന്നതിനിടെയാണ് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍ സന്ദേശം ഗോപാല്‍ യാദവിന് എത്തിയത്. ഇക്കാര്യം ഇദ്ദേഹം പൊലീസില്‍ അറിയിച്ചു. പൊലീസ് കുട്ടിക്കായി തെരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് ഗ്രാമത്തിലെ ഒരു കരിമ്പിന്‍ തോട്ടത്തില്‍ വെച്ച് പുനീതിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ മനപ്പൂര്‍വ്വം കൊലപ്പെടുത്തിയതാണെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍ സന്ദേശം നാടകമാണെന്നുമാണ് ആറുവയസുകാരന്റെ കുടുംബം ആരോപിക്കുന്നത്.

ഗോപാല്‍ യാദവിന്റെ കുടുംബം ഗ്രാമത്തിലെ മറ്റൊരു കുടുംബവുമായി ഭൂമി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ രണ്ട് സ്ത്രീകളടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Other News in this category4malayalees Recommends