'സ്റ്റീവനേജ് ഡേ' യില്‍ കേരളപ്പെരുമയൊരുക്കി 'സര്‍ഗം';ചെണ്ട കൊട്ടി മേയറും; ശിങ്കാരിമേളവും, ക്ലാസ്സിക്കല്‍ നൃത്തങ്ങളും അരങ്ങുവാണു

'സ്റ്റീവനേജ് ഡേ' യില്‍ കേരളപ്പെരുമയൊരുക്കി 'സര്‍ഗം';ചെണ്ട കൊട്ടി മേയറും; ശിങ്കാരിമേളവും, ക്ലാസ്സിക്കല്‍ നൃത്തങ്ങളും അരങ്ങുവാണു
സ്റ്റീവനേജ്: യു കെ യിലെ പ്രഥമ 'പ്ലാന്‍ഡ് സിറ്റി'യായ സ്റ്റീവനേജിന്റെ പ്രൗഢ ഗംഭീര ദിനാഘോഷം കേരളപ്പെരുമയുടെയും ആഘോഷമായി. കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പവലിയന്‍ സന്ദര്‍ശിക്കുന്നതിന് നിരവധിയാളുകളാണ് എത്തിയത്. കേരളത്തിന്റെ തനതു കലാരൂപങ്ങള്‍, ആയോധന കലകള്‍, വിഭവങ്ങള്‍, തൃശ്ശൂര്‍ പൂരം, ടൂറിസം, മൂന്നാര്‍ അടക്കം വര്‍ണ്ണ ചിത്രങ്ങള്‍ക്കൊണ്ടു സമ്പന്നമായ സര്‍ഗം പവലിയന്‍ കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്നതായി.

ബോസ് ലൂക്കോസ്, സോയ്‌മോന്‍, മാത്യൂസ്, ആദര്‍ശ് പീതാംബരന്‍, റ്റിജു മാത്യു, ഷിജി കുര്യാക്കോട്, ബേസില്‍ റെജി, ഷൈനി ജോ, ടെസ്സി ജെയിംസ്,ഷോണിത്, എമ്മാ സോയിമോന്‍ എന്നിവരോടൊപ്പം കുട്ടികളായ ആദ്യ അദര്‍ശ്, അദ്വ്യത ആദര്‍ശ് എന്നിവരുടെ ശ്രവണ സുന്ദരവും, താളാല്‍മകവുമായ ശിങ്കാരിമേളം സ്റ്റീവനേജ് 'മെയിന്‍ അരീന'യില്‍ ഒത്തു കൂടിയ നൂറു കണക്കിന് കാണികള്‍ ഏറെ കയ്യടികളോടെയാണ് സ്വീകരിച്ചത്.


ചെണ്ടമേളം ആസ്വദിക്കുകയും, തുടര്‍ന്ന് ആവേശം ഉള്‍ക്കൊണ്ട സ്റ്റീവനേജ് മേയര്‍, കൗണ്‍സിലര്‍ ജിം ബ്രൗണ്‍ പവലിയന്‍ സന്ദര്‍ശിക്കുകയും ചെണ്ട വാങ്ങി മിനിറ്റുകളോളം താളാല്മകമായിത്തന്നെ കൊട്ടി ആനന്ദിക്കുകയും ചെയ്തു. പവലിയനില്‍ അലങ്കരിച്ചിരുന്ന ഓരോ ഫോട്ടോയും ചോദിച്ചറിയുകയും, തന്റെ ശ്രീലങ്കന്‍ യാത്രയുടെ സമാനമായ അനുസ്മരണം പങ്കിടുകയും ചെയ്തു.


ടെസ്സി ജെയിംസ്, ആതിര ഹരിദാസ്, അനഘ ശോഭാ വര്‍ഗ്ഗീസ്, ശാരിക കീലോത് എന്നിവരുടെ വശ്യസുന്ദരവും, ചടുലവുമായ ക്‌ളാസ്സിക്കല്‍ ഡാന്‍സ് വേദിയെ ആകര്‍ഷകമാക്കി. നിറകയ്യടിയോടെയാണ് കാണികള്‍ കേരള നൃത്തത്തെ സ്വീകരിച്ചത്.

അപ്പച്ചന്‍ കണ്ണഞ്ചിറ,ഹരിദാസ് തങ്കപ്പന്‍, നന്ദു കൃഷ്ണന്‍, ജെയിംസ് മുണ്ടാട്ട്, പ്രവീണ്‍കുമാര്‍ തോട്ടത്തില്‍, നീരജ ഷോണിത്, ചിന്തു, സഹാന, വിത്സി പ്രിന്‍സണ്‍ അടക്കം സര്‍ഗ്ഗം കമ്മിറ്റി ലീഡേഴ്‌സ് നേതൃത്വം നല്‍കി.

'സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍' സംഘാടകരുടെ പ്രത്യേക പ്രശംസകള്‍ ഏറ്റുവാങ്ങി. 'സര്‍ഗം കേരളാ പവിലിയന്‍' സന്ദര്‍ശകര്‍ക്ക് പാനീയങ്ങളും സ്‌നാക്‌സും വിതരണവും ചെയ്തിരുന്നു.

Other News in this category4malayalees Recommends