ഓസ്‌ട്രേലിയന്‍ വിസയും തൊഴിലും വാഗ്ദാനം ചെയ്ത് ജോബ് സ്‌കാമര്‍മാര്‍ രംഗത്ത്; തട്ടിപ്പ് നടത്തുന്നത് വ്യാജകമ്പനികളുടെയും ബിസിനസുകളുടെയും പേരില്‍; വാഗ്ദാനത്തില്‍ മയങ്ങി വന്‍ തുകകള്‍ നഷ്ടപ്പെടുന്നവരേറെ; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍

ഓസ്‌ട്രേലിയന്‍ വിസയും തൊഴിലും വാഗ്ദാനം ചെയ്ത് ജോബ് സ്‌കാമര്‍മാര്‍ രംഗത്ത്; തട്ടിപ്പ് നടത്തുന്നത് വ്യാജകമ്പനികളുടെയും ബിസിനസുകളുടെയും പേരില്‍;  വാഗ്ദാനത്തില്‍ മയങ്ങി വന്‍ തുകകള്‍ നഷ്ടപ്പെടുന്നവരേറെ; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍

ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വ്യാജ തൊഴില്‍ ഓഫര്‍ നല്‍കി ആകര്‍ഷിച്ച് വന്‍ തട്ടിപ്പുകള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ന്യൂ ദല്‍ഹിയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പറയപ്പെടുന്ന വ്യാജ കമ്പനികള്‍ അല്ലെങ്കില്‍ ബിസിനസുകളില്‍ നിന്നാണ് ഇത്തരത്തില്‍ ജോബ് ഓഫറുകള്‍ വരുന്നത്. കണ്‍സ്ട്രക്ഷന്‍, സ്റ്റാഫിംഗ് ആന്‍ഡ് പേറോള്‍, ഗ്യാസ് ആന്‍ഡ് ഓയില്‍, ലോജിസ്റ്റിക് ആന്‍ഡ് എന്‍ജിനീയറിംഗ്, റിസര്‍ച്ച് അസിസ്റ്റന്റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് എന്നീ രംഗങ്ങളില്‍ തൊഴില്‍ ഒഴിവുകളുണ്ടെന്ന് പറഞ്ഞ് മോഹിപ്പിച്ചാണ് സ്‌കാമര്‍മാര്‍ ഇരകളെ കുരുക്കുന്നത്.


ഫോഗ്‌സ് ഹോട്ടല്‍സ്, സ്റ്റാഫിംഗ് ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡ്, ലോറിസ് പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ് കോ പ്രൈവറ്റ് ലിമിറ്റഡ്, കാള്‍ട്ട് ഗ്യാസ് ആന്‍ഡ് ഓയില്‍, ഗ്ലോബല്‍ ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ്, ലാബ്രിന്‍തക് കണ്‍സ്ട്രക്ഷന്‍, എച്ച്എസ് സി പേറോള്‍ പ്രൈവറ്റ് ലിമിറ്റഡ്, ഓക്ക് കോര്‍പറേഷന്‍ ,പ്രോട്ടന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്, സ്‌പേസെക്‌സ് എന്‍ജിനീയര്‍ തുടങ്ങിയ വ്യാജ കമ്പനികളുടെ പേരുപയോഗിച്ചാണ് സമീപകാലത്ത് കൂടുതലായും ഇത്തരം ജോബ് ഓഫര്‍ തട്ടിപ്പുകള്‍ നടത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവര്‍ ഇരകളുടെ വിശ്വാസം നേടിയെടുക്കുന്നതിനായി എംപ്ലോയ്‌മെന്റ് ഓഫര്‍ ലെറ്ററും അയക്കാറുണ്ട്. നിങ്ങളുടെ ഓസ്‌ട്രേലിയന്‍ വിസ സംഘടിപ്പിക്കുന്നതിനായി ഒരു മൈഗ്രേഷന്‍ ലോയര്‍ അല്ലെങ്കില്‍ ഏജന്‍സിയുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും മറ്റു സ്‌കാമര്‍മാര്‍ നിങ്ങള്‍ക്ക് അയച്ച് തരും. എപിഎന്‍ ലീഗല്‍, പിഎസ്എന്‍ ലീഗല്‍ ഏജന്‍സി, ഐഎഫ്എ ലീഗല്‍ സര്‍വീസസ്, എന്‍ജിഎഫ് ലീഗല്‍ സര്‍വീസസ്, എഇവി ലീഗല്‍ ഏജന്‍സി തുടങ്ങിയ പേരുകളാണ് ഇതിനായി സമീപകാലത്ത് നടന്ന ജോബ് തട്ടിപ്പുകളില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ അറിയിക്കുന്നു. ഇത്തരത്തില്‍ വിസയും ജോലിയും ശരിയാക്കി തരാമെന്ന് വിശ്വസനീയമായ രീതിയില്‍ വാഗ്ദാനം നല്‍കി സ്‌കാമര്‍മാര്‍ ഇരകളില്‍ നിന്ന് തന്ത്രപൂര്‍വം പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.

Other News in this category4malayalees Recommends