വിശാല്‍ നായകനായ ടൈം ട്രാവല്‍ ചിത്രം മാര്‍ക്ക് ആന്റണിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് നടന്‍ വിശാല്‍.
സോഷ്യല്‍ മീഡിയയില്‍ വീഡിയോയിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്. മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ ചെന്നപ്പോഴുണ്ടായ ദുരനുഭവമാണ് നടന്‍ പങ്കുവെച്ചത്. ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു എന്നാണ് നടന്‍ പറയുന്നത്.
മൂന്ന് ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചതെന്നും ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടിട്ടുണ്ട്.
തന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനൊന്ന് ആദ്യമാണെന്നും വിശാല്‍ വെളിപ്പെടുത്തി. വിഷയത്തില്‍ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണമെന്നും ഇത് മറ്റെല്ലാ നിര്‍മ്മാതാക്കള്‍ക്ക് കൂടിയാണെന്നും വിശാല്‍ വിഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.