ശൈശവ വിവാഹത്തില്‍ നിന്നും രക്ഷപ്പെട്ട് പരീക്ഷയെഴുതി ഒന്നാം റാങ്ക് നേടി നിര്‍മല ; അഭിമാനം

ശൈശവ വിവാഹത്തില്‍ നിന്നും രക്ഷപ്പെട്ട് പരീക്ഷയെഴുതി ഒന്നാം റാങ്ക് നേടി നിര്‍മല ; അഭിമാനം
ശൈശവ വിവാഹത്തില്‍ നിന്നും രക്ഷനേടിയ പെണ്‍കുട്ടി ആന്ധ്രാ സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. നിശ്ചയദാര്‍ഢ്യത്തിന്റെ മറുവാക്കാണ് നിര്‍മ്മല എന്ന ഈ പെണ്‍കുട്ടി. ബാലവിവാഹത്തില്‍ നിന്നും രക്ഷപ്പെട്ട് വന്ന നിര്‍മല ആന്ധ്രയിലെ ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ സംസ്ഥാനത്തെ തന്നെ ഒന്നാം സ്ഥാനക്കാരിയായി മാറിയിരിക്കുകയാണ്. 440ല്‍ 421 മാര്‍ക്കാണ് നിര്‍മല കരസ്ഥമാക്കിയത്.

ദാരിദ്ര്യവും കഷ്ടപ്പാടും കാരണം മകളെ ഇനി പഠിപ്പിക്കേണ്ടതില്ലെന്ന് മാതാപിതാക്കള്‍ തീരുമാനിച്ചതോടെയാണ് നിര്‍മലയുടെ ജീവിത്തില്‍ പ്രതിസന്ധി ആരംഭിച്ചത്. സമീപത്ത് നല്ല കോളേജുകളോ സൗകര്യങ്ങളോ ഇല്ലെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ നിര്‍മ്മലയെയും സഹോദരങ്ങളേയും വിവാഹം കഴിപ്പിച്ചയക്കാന്‍ തീരുമാനിച്ചത്.

ചെറിയ ബാലികയായ നിര്‍മ്മലയ്ക്ക് വിവാഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. പഠിക്കണമെന്ന നിശ്ചയദാര്‍ഢ്യം മനസിലുറപ്പിച്ച നിര്‍മ്മല അതിനായി പരിശ്രമിക്കാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഒടുവില്‍ എംഎല്‍എ വൈ ശിവപ്രസാദ് റെഡ്ഡി നടത്തുന്ന പൊതുപരിപാടിയില്‍ എത്തുകയും എംഎല്‍എയെ നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് ശിവപ്രസാദ് റെഡ്ഡി കലക്ടറെ ബന്ധപ്പെടുകയും നിര്‍മലയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഇതോടെ കളക്ടര്‍ ഇടപെട്ട് നിര്‍മലയെ കസ്തുര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലേക്ക് മാറ്റി. കുര്‍ണൂലിലെ കസ്തുര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് നിര്‍മല പിന്നീട് പഠിച്ചത്. സാമ്പത്തികവും സാമുഹികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന റെസിഡന്‍ഷ്യല്‍ സ്‌കൂളാണിത്.നിര്‍മലയുടെ നേട്ടം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കിട്ടുണ്ട്.

Other News in this category4malayalees Recommends