ടര്‍ബോയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന് എം പത്മകുമാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജാധിരാജാ എന്ന സിനിമ കാണാന്‍ പോയപ്പോള്‍ ആള്‍കൂട്ടത്തില്‍ നിന്ന് കേട്ട ഒരു കമന്റിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി, അത് കഴിഞ്ഞാല്‍ മമ്മൂട്ടിയില്‍ നിന്ന് ആക്ഷന്‍ രംഗങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ട, അച്ഛന്, അപ്പൂപ്പന് റോളുകളൊക്കെ ചെയ്യാം എന്നായിരുന്നു കമന്റ്.
പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ടര്‍ബോ കണ്ടിറങ്ങിയ പലരും 'ഈ പ്രായത്തിലും എന്തൊരു എനര്‍ജി' എന്ന് പറയുന്നു. യുവതലമുറയെ പോലും അതിശയിപ്പിക്കും വിധം ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ഒരു മമ്മൂട്ടിയേയുള്ളൂ എന്ന് എം പത്മകുമാര്‍ കുറിച്ചു.
എം പത്മകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
2014ല്‍ ആണ്.. 'രാജാധിരാജാ' കണ്ടിറങ്ങുമ്പോള്‍ തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു കമന്റ്: ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി.. പിന്നെ ഇത്തരം ആക്ഷന്‍ സംഭവങ്ങളൊന്നും മമ്മൂട്ടിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ട.. പിന്നെ നല്ല അച്ഛന്, അപ്പൂപ്പന് റോളുകളൊക്കെ ചെയ്യാം.. അതു കഴിഞ്ഞ് 10 വര്‍ഷമായി. ഇന്നലെ രാത്രി നിറഞ്ഞു കവിഞ്ഞ സദസ്സില്‍ 'ടര്‍ബോ' കണ്ടിറങ്ങുമ്പോള്‍ കേട്ടു മറ്റൊരു കമന്റ്: ഓ, ഇപ്പോഴും ഈ പ്രായത്തിലും എന്തൊരു എനര്‍ജി! ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു 'ടര്‍ബോ' വന്നാലും അതിശയിക്കേണ്ട.
അതൊന്നു തിരുത്തിയാല്‍ കൊള്ളാമെന്ന് എനിക്കു തോന്നി: 'പത്തല്ല സുഹൃത്തേ ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മൂട്ടി ഇതിലേറെ എനര്‍ജിയോടെ ഇവിടെ ഉണ്ടായാലും അത്ഭുതമില്ല.. അത് ഞങ്ങളുടെ മമ്മൂക്കക്കു മാത്രമുള്ള സിദ്ധിയാണ്.. ആ മഹാ മനസ്സിന്, ആ അര്‍പ്പണത്തിന്,ആ നടന വൈഭവത്തിന് കാലം കനിഞ്ഞു നല്കിയ അനുഗ്രഹമാണ്.. 'നന്‍പകല്‍ നേരത്തു മയക്ക'വും 'കാതലും' 'ഭ്രമയുഗ'വും ചെയ്ത അനായാസതയോടെ യുവതലമുറ പോലും ചെയ്യാന്‍ മടിക്കുന്ന കഠിനമായ ആക്ഷന്‍ രംഗങ്ങളും ചെയ്തു കയ്യടി നേടാന്‍ ഞങ്ങള്‍ക്ക് ഒരു മമ്മൂക്കയേ ഉള്ളൂ... ഒരേയൊരു മമ്മൂക്ക.