ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹമേറെയാണ്. എന്നാല്‍ ഇതിന് എത്രചെലവ് വരുമെന്ന കാര്യത്തില്‍ മിക്കവര്‍ക്കും അവ്യക്തതകളുമേറെയുണ്ട്. ഓസ്‌ട്രേലിയയില്‍ പഠിക്കുകയെന്ന് വച്ചാല്‍ ചെലവുള്ള കാര്യമാണ്. എന്നാല്‍ വ്യക്തമായ പ്ലാനിംഗോടെ ഇതിന് ഇറങ്ങിത്തിരിച്ചാല്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരില്ല. ഓസ്‌ട്രേലിയിയല്‍ പഠിക്കുന്നതിനായി വര്‍ഷത്തില്‍ ജീവിതച്ചെലവിനായി മാത്രം 20,290 ഡോളര്‍ കരുതേണ്ടി വരുമെന്നറിയുക.
എന്നാല്‍ ട്യൂഷന്‍ ഫീസ് ഓരോ യൂണിവേഴ്‌സിറ്റികള്‍ തോറും വ്യത്യസ്തമാണ്. ഇത് സംബന്ധിച്ച് ഏറ്റവും പുതിയൊരു പഠനം അനുസരിച്ച് ഒരു അണ്ടര്‍ ഗ്രാജ്വേറ്റ് ഡിഗ്രിക്ക് വേണ്ടി വരുന്ന ഫീസ് 30,840 ഡോളറാണ്. എന്നാല്‍ പോസ്റ്റ് ഗ്രാജ്വേഷന് വേണ്ടി വരുന്ന ഫീസ് 31,596 ഡോളറാണ്. ഓസ്‌ട്രേലിയയിലെ മാസ്റ്റര്‍ പ്രോഗ്രാമിനായി വേണ്ടി വരുന്ന ഫീസ് 20,000 ഡോളറിനും 37,000 ഡോളറിനും മധ്യേയാണ്. പിഎച്ച്ഡി ഡിഗ്രികള്‍ക്ക് വേണ്ടി വരുന്ന ചെലവ് 14,000 ഡോളറിനും 37,000 ഡോളറിനും മധ്യേയാണ്.
മെഡിക്കല്‍, വെറ്ററിനറി കോഴ്‌സുകള്‍ക്ക് താരതമ്യേന ചെലവേറും. ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍ ട്യൂഷന്‍ ഫീസ് കണക്കാക്കുന്നത് യൂണിറ്റിനനുസരിച്ചാണ്, മറിച്ച് മണിക്കൂറുകള്‍ക്കനുസരിച്ചല്ല. വ്യത്യസ്തമായ യൂണിറ്റുകള്‍ക്കായി വ്യത്യസ്ത ഫീസ് ബാന്‍ഡാണുള്ളത്. സാധാരണയായി വിദ്യാര്‍ത്ഥികള്‍ വിവിധ യൂണിറ്റുകളുടെ സമന്വയമാണ് പഠിക്കേണ്ടി വരുന്നത്. ഇതിനാല്‍ ഇവ വ്യത്യസ്തമായ ഫീസ് ബാന്‍ഡുകളിലുമായിരിക്കും. അതിനാല്‍ ഓരോ വിദ്യാര്‍ത്ഥിയും നല്‍കേണ്ടുന്ന ഫീസിലും വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്.
രാജ്യത്തെ ചില യൂണിവേഴ്‌സിറ്റികള്‍ തങ്ങളുടെ വെബ്‌സൈറ്റുകളില്‍ ഫീസുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഉദാഹരണമായി ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ആര്‍ട്‌സിലെ അണ്ടര് ഗ്രാജ്വേറ്റ് ഡിഗ്രിക്ക് വാങ്ങുന്ന ഫീസ് 36,400 ഡോളറാണെന്ന് അതിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മെഡിക്കല്‍ സയന്‍സിലെ ഒരു ബാച്ചിലേര്‍സ് ഡിഗ്രിക്ക് വാങ്ങുന്ന ഫീസ് ഏതാണ്ട് 43,680 ഡോളറാണ്.