വിശന്നു വലഞ്ഞു ചെല്ലുന്നവര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി ദുബായിലെ ഒരു ഭക്ഷണശാല; കൈയില്‍ പണമില്ലെങ്കിലും ഫൗള്‍ ഡബ്ല്യു ഹമൂസില്‍ നിന്ന് ഭക്ഷണം കഴിക്കാം
വിശക്കുന്നുണ്ടോ? കഴിക്കാന്‍ കൈയില്‍ പണമില്ലേ? എങ്കില്‍ ദുബായിലും ഷാര്‍ജയിലും നിരവധി ശാഖകളുള്ള ഫൗള്‍ ഡബ്ല്യു ഹമൂസ് എന്ന റസ്റ്റൊറന്റിലേക്ക് പൊയ്‌ക്കോളൂ. കഴിച്ച ഭക്ഷണത്തിനുള്ള പണത്തിനു പകരം ഒരു നിറഞ്ഞ പുഞ്ചിരി മാത്രം സമ്മാനിച്ചാല്‍ മതി.
ആരും ഒരിക്കലും വിശന്നിരിക്കരുത് എന്ന തത്വത്തില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉടലെടുത്തത,്പരത്യേകിച്ച് എന്നും ജോലി തേടി അലയുന്ന തൊഴിലാളികള്‍ - റസ്റ്റൊറന്റിന്റെ ഉടമയായ ജോര്‍ദാനിയന്‍ പ്രവാസി ഫാദി അയ്യദ് പറഞ്ഞു. '' ഭക്ഷണം വാങ്ങാന്‍ സാധിക്കില്ലെ..ഇത് സൗജന്യമാണ്.. അല്ലാഹുവില്‍ നിന്നുള്ള സമ്മാനം'' മാള്‍ ഓഫ് എമിറേറ്റ്‌സിനു മുന്നിലുള്ള അദ്ദേഹത്തിന്റെ റെസ്റ്റൊറന്റിന്റെ ഗ്ലാസ് ചുമരില്‍ അറബിക്കില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്.
പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇത് ചെയ്യുന്നത്. എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നുള്ള തോന്നല്‍ ഉണ്ടാക്കിയെടുക്കാനാണ് ഇത്തരമൊരു ബോര്‍ഡെന്നും ഫാദി പറഞ്ഞു. സാന്‍വിച്ച്, കോഫി, ടീ, ഹമൂസ് വിത്ത് ബീഫ് തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഇവിടെ ലഭിക്കും. പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഭക്ഷണ സമയം വരെ ഏകദേശം 30 -35 പേര്‍ക്ക് ഇവര്‍ ഭക്ഷണമൊരുക്കുന്നുണ്ട്.