ജനവാസകേന്ദ്രങ്ങളില്‍ കടന്നു കയറി അമിതമായി വെള്ളം കുടിച്ചു വറ്റിക്കുന്നു; ഓസ്ട്രേലിയയില്‍ പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ തീരുമാനം; വരള്‍ച്ചാ ബധിത മേഖലകളില്‍ പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഒട്ടകങ്ങളെ വെടിയുതിര്‍ത്ത് കൊല്ലും
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്ന ഓസ്ട്രേലിയയില്‍ പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ തീരുമാനം.കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിനിടയില്‍ ഓട്ടകങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഇത്രയധികം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ ഓസ്ട്രേലിയന്‍ അധികൃതര്‍. ഒട്ടകങ്ങളെ കൊല്ലാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ആരംഭിക്കുന്ന പ്രചാരണത്തിനായി സര്‍ക്കാര്‍ ഹെലികോപ്ടറുകളെവിട്ടുനല്‍കുമെന്ന് ഓസ്ട്രേലിയന്‍ അധികൃതര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
23,000ത്തോളം ആദിവാസികള്‍ താമസിക്കുന്ന ഓസ്ട്രേലിയയിലെ ചില പ്രദേശങ്ങളില്‍ വരള്‍ച്ച രൂക്ഷമാണ്. വാസസ്ഥലങ്ങളിലേക്ക് മൃഗങ്ങള്‍ വേലികള്‍ തകര്‍ത്ത്, കടന്നുകയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്ന് കാണിച്ച് നിരവധി പരാതികള്‍ ഇവിടുത്തെ ജനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒട്ടകങ്ങളെ കൊന്നൊടുക്കാനുള്ള തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്. ഒട്ടകങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവാണ് പ്രദേശത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സൗത്ത് ഓസ്ട്രേലിയന്‍ പരിസ്ഥിതി വകുപ്പ് വക്താവ് വ്യക്തമാക്കിയിരുന്നു. വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തുന്ന പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഒട്ടകങ്ങളെ വെടിയുതിര്‍ത്ത് കൊല്ലുമെന്നാണ് റിപ്പോര്‍ട്ട്