അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വര്‍ധിക്കുന്നത് ഓസ്‌ട്രേലിയയിലെ ഇന്ധന വിലയില്‍ പ്രതിഫലിച്ചേക്കും; അടുത്തയാഴ്ച അവസാനത്തോടെ ലിറ്ററിന് 4.5 സെന്റ് അധികം ഇന്ധനത്തിനായി നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്
അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വര്‍ധിക്കുന്നത് ഓസ്‌ട്രേലിയയിലെ ഇന്ധന വിലയില്‍ പ്രതിഫലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ച അവസാനത്തോടെ ലിറ്ററിന് 4.5 സെന്റ് അധികം ഇന്ധനത്തിനായി നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങള്‍ ആഗോള എണ്ണ വിപണിയേയും ഉപഭോക്താക്കളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ജനറല്‍ ഖാസിം സുലൈമാനിയുടെ വധം എണ്ണ വ്യാപാരത്തില്‍ വര്‍ധിച്ച അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
യുഎസിന്റെ ഭാഗത്തു നിന്ന് പ്രകോപനപരമായ നടപടികള്‍ ഇനിയുമുണ്ടായാല്‍ എണ്ണവില കൂടുതല്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. സ്വര്‍ണം, ക്രിപ്‌റ്റോകറന്‍സി, ബിറ്റ് കോയിന്‍ തുടങ്ങിയവയുടെ വിലയിലും പ്രതിഫലനങ്ങള്‍ ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട്.
ഇറാഖിലെ അമേരിക്കന്‍ വ്യോമ താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ ആഗോള എണ്ണവില കുതിച്ചുയര്‍ന്നിരുന്നു. 4.5 ശതമാനത്തിന്റെ വര്‍ധനവാണ് എണ്ണവിലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. ബ്രെന്‍ഡ് ക്രൂഡ് ഓയിലിന്റെ വില 70 ഡോളര്‍ കടന്നു. അമേരിക്ക- ഇറാന്‍ സംഘര്‍ഷം രൂക്ഷമായാല്‍ എണ്ണ വില വീണ്ടും ഉയരാന്‍ ഇടയാകും. എണ്ണ വിലയിലെ വര്‍ധനവ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇറാന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിന് തടസം നേരിടും. കഴിഞ്ഞ വെളളിയാഴ്ച ഇറാന്‍ സൈനിക വ്യൂഹത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയ സമയത്തും എണ്ണവില വന്‍ തോതില്‍ വര്‍ധിച്ചിരുന്നു.