ഓസ്‌ട്രേലിയയില്‍ കാട്ടുതീ ഭീഷണി വീണ്ടും; വിക്ടോറിയ സംസ്ഥാനത്ത് മാത്രം രണ്ടരലക്ഷത്തോളം പേരോട് വീടൊഴിയാന്‍ നിര്‍ദേശം; പലയിടത്തും ചൂട് 40 ഡിഗ്രീ സെല്‍ഷ്യസിനും മേലെ
ഓസ്‌ട്രേലിയയില്‍ കാട്ടുതീ ഭീഷണി വീണ്ടും. കനത്ത ചൂടും ശക്തമായ കാറ്റു തുടരുന്നത് കാട്ടുതീ ഭീഷണി വര്‍ധിപ്പിക്കുന്നു. സെപ്റ്റംബറില്‍ തുടങ്ങിയ കാട്ടുതീയ്ക്ക് കഴിഞ്ഞ ഞായറാഴ്ച മുതലാണ് അല്‍പം ആശ്വാസമുണ്ടായത്. നേരിയ മഴ പെയ്തത് തീ വ്യാപിക്കുന്നത് തടഞ്ഞു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും കാട്ടുതീ പടരുമെന്നാണ് മുന്നറിയിപ്പ്.വെള്ളിയാഴ്ച കാട്ടുതീ ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് വിക്ടോറിയ സംസ്ഥാനത്ത് മാത്രം രണ്ടരലക്ഷത്തോളം പേരോട് വീടൊഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. വര്‍ധിക്കുന്ന താപനിലയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീയുടെ പ്രധാന കാരണം.
40 ഡിഗ്രീ സെല്‍ഷ്യസിനും മേലെയാണ് പലയിടത്തും ചൂട്. കഴിയുന്നവരെല്ലാം രക്ഷാകേന്ദ്രങ്ങളിലേക്ക് മാറണമെന്നും വിദൂര മേഖലകളിലും വനപ്രദേശങ്ങളിലും കഴിയരുതെന്നും ദുരന്ത നിവാരണ വിഭാഗം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിക്ടോറിയ കൂടാതെ ന്യൂ സൗത് വെയില്‍സിലും തെക്കന്‍ ആസ്‌ട്രേലിയയിലുമെല്ലാം സമാന സാഹചര്യമാണുള്ളത്. വെള്ളിയാഴ്ച വൈകീട്ടോടെ രണ്ട് ഭാഗത്തെ കാട്ടുതീ കൂടിച്ചേര്‍ന്ന് അതിരൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.
വിക്‌റ്റോറിയ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശമാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കിയിരിക്കുന്നത്. കാട്ടുതീ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്തം പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. ഈ തെക്കു കിഴക്കന്‍ സംസ്ഥാനത്ത് രണ്ടാഴ്ച മുമ്പ് കാട്ടുതീ അതിരൂക്ഷമായിരുന്നു.