2019 ഓസ്‌ട്രേലിയക്ക് ഏറ്റവും ചൂടേറിയ വര്‍ഷം; ചൂടു കൂടുന്നതിനൊപ്പം മഴയുടെ അളവ് കുറയുന്നത് ആശങ്കയാകുന്നു; കഴിഞ്ഞ വര്‍ഷം രാജ്യത്ത് മഴയുടെ അളവ് 40 ശതമാനം കുറവ്
2019 ഓസ്‌ട്രേലിയക്ക് ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നുവെന്നാണ് ബ്യൂറോ ഓഫ് മെറ്റീറോളജി വിലയിരുത്തുന്നത്. അതിന്റെ തുടര്‍ച്ച തന്നെയാണ് 2020-ലും അനുഭവിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളമായി 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഓസ്‌ട്രേലിയയില്‍ പലയിടത്തും താപനില. ചൂടു കൂടുന്നതിനൊപ്പം മഴയുടെ അളവ് കുറയുന്നതാണ് ആശങ്കയാകുന്നത്. 2019-ല്‍ രാജ്യത്ത് മഴയുടെ അളവ് 40 ശതമാനം കുറവായിരുന്നു. മുമ്പ് 1902-ലാണ് ഇത്രയും കുറവ് മഴ പെയ്തത്.
മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓസ്‌ട്രേലിയയില്‍ ഡിസംബര്‍ മാസത്തില്‍ കൂട് കൂടുതലുള്ള കാലാവസ്ഥയാണ്. ഇത്തവണ റെക്കാര്‍ഡ് ചൂടാണ് ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നവംബറില്‍ ന്യൂ സൗത്ത് വേല്‍സ് സംസ്ഥാനത്ത് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. തുടര്‍ന്ന് സംസ്ഥാനത്ത് ഏതാണ്ട് നൂറോളം സ്ഥലങ്ങളില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വിക്ടോറിയ, തെക്കന്‍ ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വേല്‍സ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും അഗ്‌നിബാധ ഭീകരമാം വിധം പടര്‍ന്ന് പിടിച്ചത്. ടസ്മാനിയ, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ, ക്യൂന്‍സ് ലാന്റ് എന്നീ സംസ്ഥാനങ്ങളിലും അഗ്‌നിബാധ റിപ്പോര്‍ട്ട് ചെയ്തു.