രാജ്യം കാക്കുന്നതിനിടയില്‍ ധീരമരണം വരിച്ച അഗ്നിരക്ഷാ പ്രവര്‍ത്തകന് യാത്രാമൊഴിയേകാന്‍ ഒന്നരവയസുകാരിയായ മകള്‍ എത്തിയത് അച്ഛന് കിട്ടിയ ധീരതാ മെഡലും ഹെല്‍മെറ്റുമായി; ഓസ്‌ട്രേലിയയുടെ നൊമ്പരത്തിന്റെ നേര്‍സാക്ഷ്യമായി കുഞ്ഞ് ഷാര്‍ലറ്റ്
19 മാസം പ്രായമുള്ള ഷാര്‍ലറ്റ് തന്റെ അച്ഛന് യാത്രാമൊഴി നല്‍കുന്ന രംഗം സമൂഹ മാധ്യമങ്ങളെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. കാട്ടുതീ ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ഷാര്‍ലറ്റിന്റെ അച്ഛന്‍ ആന്‍ഡ്രു ഒ ഡ്വയര്‍ മരിച്ചത്. ജനുവരി ഏഴിന് ആന്‍ഡ്രുവിന്റെ ശവസംസ്‌കാരം നടക്കുമ്പോള്‍ അച്ഛന് കിട്ടിയ മെഡലും അച്ഛന്‍ ജോലി ചെയ്യുമ്പോള്‍ ധരിച്ചിരുന്ന ഹെല്‍മെറ്റുമായാണ് കുഞ്ഞുമകള്‍ എത്തിയത്. മെഡലും ഹെല്‍മറ്റുമണിഞ്ഞ് നില്‍ക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചു. ചിത്രങ്ങള്‍ കണ്ട് ആളുകള്‍ കണ്ണീരണിഞ്ഞു. കാട്ടുതീ ഏറ്റവും രൂക്ഷമായ ന്യൂ സൗത്ത് വെയില്‍സിലെ ഫയര്‍ സര്‍വീസാണ് സംസ്‌കാര ചടങ്ങിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബക്‌സ്റ്റണ് സമീപം തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയൈാണ് ആന്‍ഡ്രുവും സഹപ്രവര്‍ത്തകന്‍ ജെഫ് കീറ്റനും മരിച്ചത്.
ഹോസ് ലി പാര്‍ക്കിലെ ഔര്‍ ലേഡി ഓഫ് വിക്ടറീസ് ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ആന്‍ഡ്രൂവിന്റെ സമീപത്ത് തന്നെ നിലയുറപ്പിച്ചിരുന്നു ഷാര്‍ലറ്റ്.
തനിക്ക് സംഭവിച്ച നഷ്ടത്തെ കുറിച്ച് അവള്‍ക്കറിയാനുള്ള പ്രായമായില്ലെങ്കിലും അച്ഛന്റെ ഹെല്‍മറ്റ് തലയില്‍ നിന്ന് മാറ്റാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. ചടങ്ങില്‍ ഷാര്‍ലറ്റിനൊപ്പം അമ്മ മെലിസയും ബന്ധുക്കളും ഉണ്ടായിരുന്നു. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ന്യൂ സൗത്ത് വെയ്ല്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറജിക് ലിയാന്‍, നൂറിലധികം അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.