ഒടുവില്‍ കുറ്റസമ്മതം നടത്തി മോറിസണ്‍; രാജ്യത്തെ ദുരിതത്തിലാക്കിയ കാട്ടുതീ കൈാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; കുറച്ചുകൂടി മെച്ചപ്പെട്ട തരത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നവെന്ന് സ്‌കോട്ട് മോറിസണ്‍
രാജ്യത്തെ ദുരിതത്തിലാക്കിയ കാട്ടുതീ കൈാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. കുറച്ചുകൂടി മെച്ചപ്പെട്ട തരത്തില്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നവെന്ന് മോറിസണ്‍ പറഞ്ഞു. തീപടരുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍. ഞായറാഴ്ച എ.ബി.സി. ടെലിവിഷനുനല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാരിന്റെ വീഴ്ച മോറിസണ്‍ എടുത്തുപറഞ്ഞത്.
സെപ്റ്റംബര്‍ മുതല്‍ രാജ്യത്തുപടരുന്ന തീ 28 പേരുടെ ജീവനെടുത്തു. ആയിരക്കണക്കിന് വീടുകള്‍ നശിച്ചു. 50 കോടി മൃഗങ്ങള്‍ വെന്തെരിഞ്ഞു. ഓസ്‌ട്രേലിയയില്‍മാത്രം കണ്ടുവരുന്ന കങ്കാരുക്കളും കോലകളും അടക്കം ഒട്ടേറെ ഇനങ്ങളില്‍പ്പെടുന്ന ജന്തുക്കളും പക്ഷികളും ഉരഗങ്ങളും ചാമ്പലായെന്നാണ് സിഡ്‌നി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ലക്ഷക്കണക്കിനുപേര്‍ പലായനംചെയ്തു.
കഴിഞ്ഞയാഴ്ച കാട്ടുതീ രൂക്ഷമായ ന്യൂ സൗത്ത് വെയില്‍സിലും വിക്‌റ്റോറിയയിലും സന്ദര്‍ശനത്തിനെത്തിയ മോറിസണെ നാട്ടുകാര്‍ തടയുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നു. അഗ്‌നിരക്ഷാ സേനയ്ക്ക് ആവശ്യത്തിന് ജീവനക്കാരില്ലെന്നത് ഉള്‍പ്പെടെയുള്ള പരാതികളും ആളുകള്‍ ഉന്നയിച്ചു. നിങ്ങളൊരു വിഡ്ഢിയാണെന്നും ഇവിടെ നിന്ന് ഇനി നിങ്ങള്‍ക്ക് ഒരു വോട്ട് പോലും കിട്ടില്ലെന്നും ആളുകള്‍ മോറിസണ് നേരെ ആക്രോശിച്ചു. ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ രോഷം അത്രയേറെയായിരുന്നു.