വിക്ടോറിയയിലെ കൊറോണ രോഗപ്പകര്‍ച്ച അപകടകരമായി പെരുകുന്നു; 24 മണിക്കൂറുകള്‍ക്കിടെ പുതിയ 532 കേസുകള്‍ കണ്ടെത്തിയത് റെക്കോര്‍ഡ്; പുതിയ ആറ് മരണങ്ങളും;ഏയ്ജ്ഡ് കെയര്‍ സെറ്റിംഗ്‌സുകളില്‍ രോഗം പകരുന്നത് ആശങ്കയേറ്റുന്നു
വിക്ടോറിയയിലെ കൊറോണ രോഗപ്പകര്‍ച്ച അപകടകരമായി പെരുകുന്നത് തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ അതായത് തിങ്കളാഴ്ച പുതിയ 532 കേസുകളും ആറ് മരണങ്ങളുമാണ് സ്റ്റേറ്റില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സ്റ്റേറ്റില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ കാര്യത്തില്‍ ഇത് റെക്കോര്‍ഡാണ്. ഇതിനിടെ സ്‌റ്റേറ്റിലെ ഏയ്ജ്ഡ് കെയര്‍ സെറ്റിംഗ്‌സുകളില്‍ ആശങ്കയുയര്‍ത്തുന്ന വിധത്തിലാണ് കോവിഡ് കാട്ടു തീ പോലെ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്.
90 വയസുള്ള ഒരു സ്ത്രീയും 80ഉം 70ഉം 50ഉം വയസുള്ള പുരുഷന്‍മാരും 70 കാരിയായ സ്ത്രീയുമാണ് സ്റ്റേറ്റില്‍ പുതുതായി കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ മരിച്ചിരിക്കുന്നത്. പുതിയ ആറ് മരണങ്ങളില്‍ അഞ്ചും ഏയ്ജ്ഡ് കെയര്‍ഹോമുകളിലെ കോവിഡ് ബാധയുമായി ബന്ദപ്പെട്ട് രോഗം പിടിപെട്ടവരാണെന്നാണ് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് പറയുന്നത്.നിലവില്‍ വിക്ടോറിയയില്‍ 4542 ആക്ടീവ് കേസുകളാണുള്ളത്.
കൊറോണ പിടിപെട്ട 400 ഹെല്‍ത്ത് വര്‍ക്കര്‍മാരും ഇതില്‍ പെടുന്നു. മൊത്തം കേസുകളില്‍ 683 എണ്ണം ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികളിലെ രോഗപ്പകര്‍ച്ചകളുമായി ബന്ദപ്പെട്ട് വൈറസ് ബാധിതരയാവരാണ്.വിക്ടോറിയയിലെ ഹോസ്പിറ്റലുകളില്‍ കോവിഡ് ബാധിച്ച് 245 പേരാണുള്ളത്. ഐസിയുവില്‍ കഴിയുന്ന 44 പേരും ഇതില്‍ പെടുന്നു.തിങ്കളാഴ്ച സ്റ്റേറ്റിലുണ്ടായിരിക്കുന്ന പുതിയ രോഗികളുടെ റെക്കോര്‍ഡ് ദേശീയ തലത്തിലെ പുതിയ റെക്കോര്‍ഡായ ഒരു ദിവസത്തെ 549 പുതിയ കേസുകള്‍ക്കടുത്ത് നില്‍ക്കുന്നു.