ജൂറി 'ഹോം' എന്ന സിനിമ കണ്ടിട്ടുണ്ടാവില്ലെന്ന് ഇന്ദ്രന്‍സ് ; ജൂറി കണ്ടതിന് ഡിജിറ്റല്‍ തെളിവുണ്ടെന്ന് പ്രേം കുമാര്‍

ജൂറി 'ഹോം' എന്ന സിനിമ കണ്ടിട്ടുണ്ടാവില്ലെന്ന് ഇന്ദ്രന്‍സ് ; ജൂറി കണ്ടതിന് ഡിജിറ്റല്‍ തെളിവുണ്ടെന്ന് പ്രേം കുമാര്‍
ഹോം സിനിമയ്ക്ക് 52ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടം പിടിക്കാനാകാത്തതിനെ ചൊല്ലി വിവാദങ്ങള്‍ കൊഴുക്കവെ നടന്‍ ഇന്ദ്രന്‍സിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രേം കുമാര്‍ രംഗത്ത്. ജൂറി 'ഹോം' എന്ന സിനിമ കണ്ടിട്ടുണ്ടാവില്ല എന്ന നടന്‍ ഇന്ദ്രന്‍സിന്റെ പരാമര്‍ശത്തിന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായ നടന്‍ പ്രേം കുമാര്‍ മറുപടി നല്‍കി.

അത്തരം വാദങ്ങള്‍ തെറ്റാണന്ന് പ്രേം കുമാര്‍ പ്രതികരിച്ചു. പട്ടികയില്‍ ഇടം നേടിയ എല്ലാ സിനിമകളും ജൂറി കണ്ടിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

'142 സിനിമകളാണ് അവാര്‍ഡ് പട്ടികയില്‍ ഉണ്ടായിരുന്നത്. അതില്‍ 22 സിനിമകളാണ് അവസാന പട്ടികയില്‍ ഇടം നേടിയത്. ആ പട്ടികയില്‍ ഹോം എന്ന സിനിമയുണ്ട്. ജൂറി ആ സിനിമ കണ്ടിട്ടുമുണ്ട്. അക്കാദമിയുടെ ജോലി എന്നത് സിനിമകളെ ജൂറിയുടെ മുന്നില്‍ എത്തിക്കുക എന്നതാണ്. അത് വ്യക്തമായി ചെയ്തിട്ടുമുണ്ട്. ജൂറി ഹോം കണ്ടിട്ടില്ല എന്ന വാദം തെറ്റാണ്. നമ്മുടെ കൈയില്‍ ഡിജിറ്റല്‍ തെളിവുകളൊക്കെയുണ്ട്. അത് പരിശോധിക്കാവുന്നതേയുള്ളൂ' പ്രേം കുമാര്‍ വ്യക്തമാക്കി.

'സയ്യിദ് മിര്‍സ എന്ന് പറയുന്നത് ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പ്രശസ്തനായ സംവിധായകനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇത് വിലയിരുത്തിയത്. ഓരോ ജൂറിക്കും അവരവരുടേതായ നിലപാടുകളാണ്. ഇത് ഈ ജൂറിയുടെ നിഗമനം, വേറൊരു ജൂറി ആയിരുന്നെങ്കില്‍ തീരുമാനം മാറാം. അത് വ്യക്തിനിഷ്ടവുമാണ്. നമുക്ക് വ്യക്തിപരമായി അവാര്‍ഡ് ലഭിക്കണം എന്ന് ആഗ്രഹമുള്ള സിനിമകള്‍ ഉണ്ടായിരുന്നു. അതിന് വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഇത് ജൂറിയുടെ അന്തിമ തീരുമാനമാണ്. അതിനെക്കുറിച്ച് പറയുവാന്‍ ഞാന്‍ ആളല്ല. ജൂറി സിനിമകള്‍ കണ്ടിട്ടില്ല എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. ഹോം ഞാന്‍ കണ്ടിരുന്നു. വ്യക്തിപരമായി ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. ആ സിനിമയിലെ ഇന്ദ്രന്‍സ് ചേട്ടന്റെ പ്രകടനം ഏറ്റവും നല്ല പ്രകടനമാണ്. പക്ഷെ അത് ജൂറിയുടെ തീരുമാനമാണ്. അതിനെ ചോദ്യം ചെയ്യാന്‍ നമുക്ക് പറ്റില്ല' പ്രേം കുമാര്‍ പറഞ്ഞു.

Other News in this category



4malayalees Recommends