പാവപ്പെട്ട ക്രൈസ്തവരെ പീഡിപ്പിക്കുന്നതും പലായനം ചെയ്യിക്കുന്നതുമാണോ ആര്‍ഷഭാരത തത്വസംഹിതകള്‍ പഠിപ്പിക്കുന്നത്? കേന്ദ്ര സര്‍ക്കാറിനും ആര്‍എസ്എസിനുമെതിരെ കത്തോലിക്കസഭ മുഖപത്രം

പാവപ്പെട്ട ക്രൈസ്തവരെ പീഡിപ്പിക്കുന്നതും പലായനം ചെയ്യിക്കുന്നതുമാണോ ആര്‍ഷഭാരത തത്വസംഹിതകള്‍ പഠിപ്പിക്കുന്നത്? കേന്ദ്ര സര്‍ക്കാറിനും ആര്‍എസ്എസിനുമെതിരെ കത്തോലിക്കസഭ മുഖപത്രം
മണിപ്പൂരിലെ ക്രൈസ്തവവിരുദ്ധ കലാപ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനും ആര്‍.എസ്.എസിനുമെതിരെ ആഞ്ഞടിച്ച് കത്തോലിക്കസഭ തൃശൂര്‍ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ'യുടെ എഡിറ്റോറിയല്‍. ക്രൈസ്തവരെയും ക്രൈസ്തവ ദൈവാലയങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിച്ച കലാപത്തിന് അനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത് പ്രശ്‌നം ആകസ്മികമായിരുന്നില്ല എന്നുതന്നെയാണ് വെളിവാക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.കലാപത്തിന് തിരികൊളുത്തിയ ഹൈക്കോടതിയുടെ സംവരണവിധിക്ക് പിന്നില്‍ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി ഭരണത്തിന്റെ സ്വാധീനം ഉണ്ടെന്ന സംശയവും ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.

'അപകട മരണങ്ങളില്‍ ആശ്രിതര്‍ക്ക് ഉടനടി സഹായ വാഗ്ദാനവുമായി ചെല്ലുന്ന പ്രധാനമന്ത്രി, മണിപ്പൂരില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരോട് ഒരു ആശ്വാസവാക്ക് പോലും ഉച്ചരിക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ആത്മാര്‍ത്ഥതയെക്കുറിച്ച് സംശയം ജനിപ്പിച്ചിരിക്കുന്നു.

പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയയില്‍ ക്ഷേത്രങ്ങള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളില്‍ അവിടത്തെ പ്രധാനമന്ത്രിയെ തന്റെ സന്ദര്‍ശനത്തിനിടയില്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ദൈവാലയങ്ങള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളില്‍ മൗനംപാലിക്കുകയാണ് ചെയ്തത്. കൂടാതെ, അവരെ കുറ്റപ്പെടുത്താനും മെയ്‌തേയ് വിഭാഗക്കാരെ ന്യായീകരിക്കാനും ഹിന്ദുവര്‍ഗീയവാദികള്‍ ശ്രമിക്കുന്നു'.

മണിപ്പൂര്‍ അക്രമത്തിനു പിന്നില്‍ ക്രൈസ്തവസഭയാണെന്ന ആര്‍എസ്എസ് മുഖപത്രമായ 'ഓര്‍ഗനൈസറി'ലെ ലേഖനത്തിനെതിരെയും സഭ രംഗത്തുവന്നു. 'ഓര്‍ഗനൈസറും സംഘപരിവാര്‍ സംഘടനയും ഇനിയും മനസ്സിലാകാത്ത ഒരു സത്യമുണ്ട്. ക്രൈസ്തവസഭയുടെ വഴിത്താര അക്രമത്തിന്റേതല്ലെന്ന സത്യം. കഷ്ടപ്പാടുകള്‍ സഹിച്ച് ക്രൈസ്തവ സന്യാസിനിമാരും മിഷനറിമാരും നിരാലംബരെ പോറ്റുന്നത്, രോഗികളെ ശുശ്രൂഷിക്കുന്നത്, കഷ്ടപ്പെടുന്നവരെ സഹായിക്കുന്നത്, അശരണര്‍ക്ക് അത്താണിയാകുന്നത്, നിരക്ഷരര്‍ക്ക് അറിവിന്റെ വെളിച്ചം പകരുന്നത്, അടിച്ച മര്‍ത്തപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തുന്നത്. അത് ക്രൈസ്തവ സാക്ഷ്യമാണ്. ഇതൊന്നും മതംമാറ്റാനല്ല.

യേശു കാണിച്ചുതന്ന മാര്‍ഗം പിന്തുടരാനാണ്. തന്നെ കാര്‍ക്കിച്ചു തുപ്പിയവരെ വരെ പുഞ്ചിരിയോടെ എതിരേല്‍ക്കാന്‍ മദര്‍തെരേസക്കു കഴിഞ്ഞത് ഉള്ളിലെ ക്രിസ്തുസ്‌നേഹം കത്തിയെരിഞ്ഞതുകൊണ്ടാണ്. ആ മദര്‍തെരേസയ്ക്കു നല്‍കിയ ഭാരതരത്‌നം പിന്‍വലിക്കണമെന്നുവരെ ആവശ്യപ്പെട്ട സംഘപരിവാറിന് ക്രൈസ്തവ ദര്‍ശനം ഒരുകാലത്തും ഉള്‍ക്കൊള്ളാനാവില്ല. പാവപ്പെട്ട ക്രൈസ്തവരെ പീഡിപ്പിക്കുന്നതും പലായനം ചെയ്യിക്കുന്നതുമാണോ ആര്‍ഷഭാരത തത്വസംഹിതകള്‍ പഠിപ്പിക്കുന്നത്?' മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

Other News in this category



4malayalees Recommends