മുംബൈയെ നടുക്കിയ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 32 കാരിയായ സരസ്വതി വൈദ്യയെ അതിദാരുണമായാണ് കാമുകന്‍ മനോജ് സാനെ (51) കൊലപ്പെടുത്തിയത്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നല്‍കിയ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും മനോജിന്റെ അറസ്റ്റിലേക്ക് വഴിവെച്ചതും.
32 കാരിയായ സരസ്വതി വൈദ്യയും 56 കാരനായ മനോജ് സാനെയും കണ്ടുമുട്ടുന്നത് മനോജ് ജോലി ചെയ്യുന്ന റേഷന്‍ കടയില്‍ വച്ചാണ്. മൂന്ന് സഹോദരിമാര്‍ക്കൊപ്പം അഭയകേന്ദ്രത്തിലാണ് സരസ്വതി താമസിച്ചിരുന്നത്. മനോജുമായി പ്രണയത്തിലായ സരസ്വതി മനോജ് തന്റെ ബന്ധുവാണെന്ന് പറഞ്ഞ് അദ്ദേഹത്തിനൊപ്പം താമസിക്കുകയായിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മീരാ റോഡ് അപാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റ് നമ്പര്‍ 704 ല്‍ ഇരുവരും താമസം ആരംഭിച്ചു. ഇരുവര്‍ക്കും അയല്‍വാസികളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇവരുടെ പേര് പോലും അയല്‍വാസികള്‍ക്ക് അറിയില്ലായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്ന് അതിരൂക്ഷമായ ഗന്ധം പുറത്ത് വന്നത്. ഇതെ കുറിച്ച് അയല്‍വാസി സോമേഷ് ശ്രീവാസ്തവ മനോജിനോട് പരാതിപ്പെടുകയും ചെയ്തിരുന്നു. പരിഹരിക്കാമെന്ന് ഒറ്റവാക്കില്‍ മനോജ് മറുപടിയും നല്‍കി. എന്നാല്‍ ദുര്‍ഗന്ധം സഹിക്കവയ്യാതെ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സരസ്വതിയുടെ കൊലപാതക വിവരം പുറത്തറിയുന്നത്. മനോജിന്റെ ഫ്‌ളാറ്റില്‍ കയറിയ പൊലീസ് ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ കണ്ടും ദുര്‍ഗന്ധമേറ്റും ചര്‍ദിച്ചു. മുറിയുടെ അങ്ങിങ്ങായി സരസ്വതിയുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നു. അടുക്കളയിലെ പാത്രത്തില്‍ പാതിവെന്ത മാംസവും കാണാമായിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സരസ്വതി ഞായറാഴ്ചയാണ് മരിച്ചതെന്ന് മനോജ് പൊലീസിനോട് പറഞ്ഞു. സരസ്വതി തന്നെ ചതിക്കുകയാണോ എന്ന സംശയിച്ച് മനോജ് സരസ്വതിയുമായി വഴക്കിടാറുണ്ടായിരുന്നു. അങ്ങനെയുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ആദ്യം മനോജ് നല്‍കിയ മൊഴി സരസ്വതി സ്വയം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഭയന്ന താന്‍ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി ഉപേക്ഷിക്കാന്‍ തയാറെടുക്കുകയുമായിരുന്നു എന്നാണ്. എന്നാല്‍ മനോജ് തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സോ ഉപയോഗിച്ചാണ് മനോജ് സരസ്വതിയുടെ ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റിയത്. തുടര്‍ന്ന് പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ഈ ആസൂത്രണമാണ് അയല്‍വാസിയുടെ ഇടപെടലോടെ പാളിപ്പോയത്.