മരണപ്പെട്ട മാതാവിന്റെ ഓര്‍മയില്‍ താജ്മഹല്‍ മാതൃകയില്‍ സ്മാരകം നിര്‍മിച്ച് മകന്‍. തിരുവാരൂരിനടുത്തുള്ള അമ്മയ്യപ്പനില്‍ ആണ് സംഭവം. അമറുദ്ദീന്‍ ഷെയ്ഖ് ദാവൂദ് എന്നയാള്‍ ആണ് താജ്മഹലിന്റെ മാതൃകയില്‍ തന്റെ മാതാവിനായി സ്മാരകം പണിതത്. 5 കോടി രൂപയുടേതാണ് സ്മാരകം.
തിരുവാരൂര്‍ ജില്ലയിലെ അമ്മയ്യപ്പന്‍ സ്വദേശികളായ അബ്ദുള്‍ ഖാദര്‍ജൈലാനി ബീവി ദമ്പതികളുടെ മക്കളില്‍ ഇളയവനാണ് അമറുദ്ദീന്‍ ഷെയ്ഖ് ദാവൂദ്. ചെന്നൈയില്‍ ഹാര്‍ഡ്‌വെയര്‍ സ്റ്റോര്‍ നടത്തിവരികയാണ് ഇയാള്‍. അബ്ദുള്‍ ഖാദര്‍ മരിക്കുമ്പോള്‍ ഇയാള്‍ക്ക് വെറും പതിനൊന്ന് വയസ്സായിരുന്നു. ആ നിമിഷം മുതല്‍, ജൈലാനി ബീവിയാണ് ദാവൂദ് അടക്കമുള്ള തന്റെ കുട്ടികളെ വളര്‍ത്തിയത്. കുടുംബം നോക്കുന്നതില്‍ തന്റെ മാതാവ് കാണിച്ച അപാരമായ ശക്തിയും അര്‍പ്പണബോധവും ഇപ്പോഴും ഓര്‍മയില്‍ നില്‍ക്കുന്നതായി ദാവൂദ് പറയുന്നു.
ബിഎ ബിരുദം പൂര്‍ത്തിയാക്കിയ ഷെയ്ഖ് ദാവൂദ് ചെന്നൈയില്‍ വിജയകരമായി ബിസിനസ് നടത്തിവരവേ, 2020 ല്‍ ഉമ്മ മരണപ്പെട്ടു. തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരാഞ്ജലിയായി ഒരു സ്മാരക ഭവനം നിര്‍മ്മിക്കാന്‍ ഇദ്ദേഹം പിന്നീട് തീരുമാനിക്കുകയായിരുന്നു. തിരുച്ചിറപ്പള്ളിയിലെ സിവില്‍ എന്‍ജിനീയറുടെ സഹായത്തോടെ അമ്മയുടെ ജന്മദേശമായ അമ്മയ്യപ്പനില്‍ താജ്മഹലിന്റെ മാതൃകയില്‍ സ്മാരകം നിര്‍മിക്കുകയായിരുന്നു.