കഷ്ടിച്ച് പരീക്ഷയില്‍ വിജയിച്ച മകന്റെ വിജയം ആഘോഷിക്കുന്ന മാതാപിതാക്കള്‍ , വിജയിച്ചതാണ് പ്രധാനമെന്ന് !! ; അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

കഷ്ടിച്ച് പരീക്ഷയില്‍ വിജയിച്ച മകന്റെ വിജയം ആഘോഷിക്കുന്ന മാതാപിതാക്കള്‍ , വിജയിച്ചതാണ് പ്രധാനമെന്ന് !! ; അഭിനന്ദിച്ച് സോഷ്യല്‍മീഡിയ
കഷ്ടിച്ച് പരീക്ഷയില്‍ വിജയിച്ച മകന്റെ വിജയം ആഘോഷിക്കുന്ന മാതാപിതാക്കളാണ് ശ്രദ്ധേയമാകുന്നത്. മുംബൈ സ്വദേശികളായ മാതാപിതാക്കളാണ് പത്താം ക്ലാസ് പരീക്ഷയില്‍ 35% മാര്‍ക്ക് വാങ്ങി വിജയിച്ച മകനെ അഭിനന്ദിക്കുകയും എല്ലാവരും ചേര്‍ന്ന് ആഘോഷമാക്കി മാറ്റുകയും ചെയ്തത്.

മറാഠി മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയായ വിശാല്‍ കരാഡ് ആണ് 35 ശതമാനം മാര്‍ക്ക് നേടി പരീക്ഷയില്‍ വിജയിച്ചത്. പരീക്ഷയില്‍ ജയിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ വിജയശതമാനമാണ് ഇത്. എന്നാല്‍, വിശാലിന്റെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മകന്‍ നേടിയ മാര്‍ക്ക് അല്ല അവന്റെ വിജയമാണ് അവര്‍ക്ക് പ്രധാനം.

അതുകൊണ്ടുതന്നെ ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛനും വീട്ടുജോലിക്കാരിയായ അമ്മയും ചേര്‍ന്ന് തങ്ങളാല്‍ കഴിയും വിധം മകന്റെ വിജയം ആഘോഷമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

'പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ ഉയര്‍ന്ന സ്‌കോറുകള്‍ ആഘോഷിക്കുന്നുണ്ടാകാം, പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം, വിശാലിന്റെ 35 ശതമാനം മാര്‍ക്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നു, കാരണം അവന്‍ എസ്എസ്സി പരീക്ഷയില്‍ വിജയിച്ചു എന്നതിലാണ് ഞങ്ങള്‍ അഭിമാനിക്കുന്നത്'മകന്റെ വിജയത്തെക്കുറിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്‍ പറയുന്നു.

ഐഎഎസ് ഓഫീസര്‍ ആയ അവനീഷ് ശരണ്‍ ആണ് ഈ കുടുംബത്തിന്റെ വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. മുംബൈ താനെയിലെ ഉത്ല്‍സറിലാണ് ഈ കുടുംബം താമസിക്കുന്നത്. വിഡിയോ വൈറല്‍ ആയതോടെ നിരവധി ആളുകളാണ് ഈ കുടുംബത്തിന് ആശംസ അറിയിച്ച് രംഗത്ത് വന്നത്.

Other News in this category



4malayalees Recommends