ലൈംഗിക പീഡനത്തിന്റെ ശബ്ദ, ദൃശ്യ തെളിവുകള്‍ ഹാജാരാക്കണം; ബ്രിജ് ഭൂഷണെതിരെ പരാതി ഉന്നയിച്ച ഗുസ്തി താരങ്ങളോട് പൊലീസ്

ലൈംഗിക പീഡനത്തിന്റെ ശബ്ദ, ദൃശ്യ തെളിവുകള്‍ ഹാജാരാക്കണം; ബ്രിജ് ഭൂഷണെതിരെ പരാതി ഉന്നയിച്ച ഗുസ്തി താരങ്ങളോട് പൊലീസ്
ബ്രിജ് ഭൂഷണെതിരെ ആരോപണം ഉന്നയിച്ച വനിത ഗുസ്തി താരങ്ങളോട് ലൈംഗിക പീഡനത്തിന്റെ തെളിവ് ഹാജരാക്കാന്‍ നിര്‍ദേശം. ശ്വാസ പരിശോധനയുടെ പേരില്‍ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, അമര്‍ത്തി കെട്ടിപ്പിടിച്ചു എന്നീ ആരോപണങ്ങളിലാണ് ഡല്‍ഹി പൊലീസ് തെളിവ് ചോദിച്ചത്.

ശബ്ദ, ദൃശ്യ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിജ് ഭൂഷണെതിരെ നടപടി എടുത്തില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കുമെന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെുക്കില്ലെന്നാണ് മുന്നറിയിപ്പ്.

ജൂണ്‍ പതിനഞ്ചിനുള്ളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നടപടി ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ഒത്തുതീര്‍പ്പിന് വലിയ സമ്മര്‍ദ്ദം തങ്ങള്‍ക്ക് മേല്‍ ഉണ്ടെന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

പരാതിയില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയ പൊലീസിനെതിരെ ആരോപണം ഉയര്‍ന്നട്ടുണ്ട്. പരാതിക്കാരായ ഗുസ്തിതാരങ്ങളെ ഡല്‍ഹിയിലെ ഗുസ്തി ഫെഡറേഷന്‍ ഓഫീസില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

ഗുസ്തി ഫെഡറേഷന്‍ ഓഫീസും ബ്രിജ് ഭൂഷണിന്റെ വസതിയും ഒരെ വളപ്പില്‍ ആണ്. വസ്തിയില്‍ ബ്രിജ് ഭൂഷണ്‍ ഉള്ളപ്പോഴായിരുന്നു പൊലീസിന്റെ ഈ നടപടി എന്നാണ് പരാതിക്കാരുടെ ആരോപണം. എന്നാല്‍ പരാതിക്കാരിയും ബ്രിജ് ഭൂഷണും തമ്മില്‍ കണ്ടിട്ടില്ല എന്നാണ് പൊലീസിന്റെ ന്യായീകരണം.

Other News in this category



4malayalees Recommends