ആറു മാസത്തിനിടെ 120 അപകടങ്ങള്‍ ; ദുഷ്ട ശക്തികളെ ഒഴിപ്പിക്കാന്‍ റോഡില്‍ കുമ്പളങ്ങ ഉടച്ച ട്രാഫിക് എസ്‌ഐയ്ക്ക് സ്ഥലം മാറ്റം

ആറു മാസത്തിനിടെ 120 അപകടങ്ങള്‍ ; ദുഷ്ട ശക്തികളെ ഒഴിപ്പിക്കാന്‍ റോഡില്‍ കുമ്പളങ്ങ ഉടച്ച ട്രാഫിക് എസ്‌ഐയ്ക്ക് സ്ഥലം മാറ്റം
റോഡ് അപകടങ്ങള്‍ വര്‍ധിച്ചതോടെ നിരത്തില്‍ നിന്ന് 'ദുഷ്ട ശക്തികളെ' ഒഴിപ്പിക്കാന്‍ റോഡില്‍ കുമ്പളങ്ങ ഉടച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ട്രാഫിക് ഡ്യൂട്ടിയില്‍നിന്ന് കണ്‍ട്രോള്‍ റൂമിലേക്കാണ് സ്ഥലംമാറ്റം. അപകടങ്ങള്‍ക്ക് കാരണക്കാരായ ദുഷ്ട ശക്തികളെ അകറ്റാനാണ് ട്രാഫിക് എസ്‌ഐ പളനി, ചെന്നൈ മധുരവയല്‍ റോഡില്‍ കുമ്പളങ്ങ ഉടച്ചത്.

എന്നാല്‍ കുമ്പളങ്ങയുടെ ഭാഗങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടകരമാകുന്ന രീതിയില്‍ റോഡില്‍ തന്നെ ഉപേക്ഷിച്ചു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ വിമര്‍ശനം ശക്തമായി. ഇതിനു പിന്നാലെയാണ് നടപടി.

മധുരവയല്‍ റോഡിന്റെ 23 കിലോമീറ്റര്‍ ഭാഗത്ത് കഴിഞ്ഞ 6 മാസത്തിനിടെ 120 വാഹനാപകടങ്ങളുണ്ടായി. സമീപത്തുകൂടി ചെന്നൈ–ബെംഗളൂരു ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത തടസ്സവുമുണ്ട്. ട്രാഫിക് പൊലീസ് ശ്രമിച്ചിട്ടും ഇവിടെ അപകടങ്ങള്‍ കുറയുന്നില്ല. തുടര്‍ന്നാണ് ട്രാഫിക് എസ്‌ഐ പളനി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ കൂട്ടിക്കൊണ്ടുവന്ന് റോഡിലെ പലഭാഗങ്ങളിലായി കുമ്പളങ്ങ ഉടച്ചത്.

കുമ്പളങ്ങ ഉടയ്ക്കുകയാണെങ്കില്‍ അപകടങ്ങള്‍ക്ക് കാരണക്കാരായ ദുഷ്ട ശക്തികള്‍ ഇല്ലാതാകുമെന്നാണ് വിശ്വാസം. അത് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണ് ചെയ്യുന്നതെങ്കില്‍ കൂടുതല്‍ ഫലപ്രദമാകുമെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.

റോഡില്‍ തേങ്ങയോ കുമ്പളങ്ങയോ ഉടയ്ക്കരുതെന്ന് തമിഴ്‌നാട് പൊലീസിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ഇരുചക്ര വാഹനങ്ങളുടെ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ഇതിനിടെയാണ് ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ തന്നെ തന്നെ കുമ്പളങ്ങ ഉടച്ചത്.

Other News in this category



4malayalees Recommends