ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടും. കനത്ത മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം.
ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യത. ഇത് വരെ അര ലക്ഷത്തോളം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ജനങ്ങളോട് പരമാവധി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴയാണ്. പോര്‍ബന്തറില്‍ മരങ്ങള്‍ കടപുഴകി വീണ് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നും ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ എല്ലാം സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്. അതിനിടെ, ഭുജ് എയര്‍പോര്‍ട്ട് വെള്ളിയാഴ്ച വരെ അടച്ചു.