യുവാക്കള്‍ പഠനത്തിനായും ജോലിക്കായും മറ്റും രാജ്യം വിട്ട് പോകുന്നത് ചര്‍ച്ചയാവുകയാണ്. ഇപ്പോഴിതാ ഇന്ത്യയിലെ ആയിരക്കണക്കിന് വരുന്ന ശതകോടീശ്വരന്മാരും രാജ്യം വിടുമെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2023 (എച്ച്എന്‍ഡബ്ല്യുഐ) പ്രകാരം ഇന്ത്യയിലെ 6,500 ശതകോടീശ്വരന്മാര്‍ രാജ്യം വിടുമെന്നാണ് പറയുന്നത്.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ പൊഴിഞ്ഞുപോയ രാജ്യം ചൈനയാണ്. 13,500 ശതകോടീശ്വരന്മാരാണ് ചൈനയില്‍ നിന്ന് പോയത്. തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 6,500 പേര്‍ രാജ്യം വിടുമ്പോഴും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് ഈ സംഖ്യയെന്ന് എച്ച്എന്‍ഡബ്ല്യുഐ പറയുന്നു. കഴിഞ്ഞ വര്‍ഷം 7,500 ശതകോടീശ്വരന്മാരാണ് രാജ്യം വിട്ടത്. ഈ കൊഴിഞ്ഞുപോക്ക് ഇന്ത്യയെ ബാധിക്കില്ലെന്നും ഇന്ത്യയില്‍ നിന്ന് നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ശതകോടീശ്വരന്മാര്‍ പുതുതായി ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.
സമ്പന്നരായ ഇന്ത്യന്‍ കുടുംബങ്ങള്‍ ചേക്കേറുന്നത് പ്രധാനമായും ദുബായിലേക്കും സിംഗപ്പൂരിലേക്കുമാണ്. ഗോള്‍ഡന്‍ വീസ പദ്ധതി, അനുകൂലമായ നികുതി സാഹചര്യം, വ്യവസായത്തിനുള്ള മികച്ച അന്തരീക്ഷം, സുരക്ഷിതവും സമാധാനപരവുമായ ചുറ്റുപാട് എന്നിവയാണ് ദുബായിലേക്ക് ഇന്ത്യന്‍ സമൂഹം ആകൃഷ്ടരാകാനുള്ള പ്രധാന കാരണം.
ഈ വര്‍ഷം മാത്രം ലോകമെമ്പാടുമുള്ള 5,200 ശതകോടീശ്വരന്മാര്‍ ഓസ്‌ട്രേലിയയിലേക്ക് ചേക്കേറുമെന്നാണ് പ്രവചനം. യുഎഇയിലേക്ക് 4,500 ഉം സിംഗപ്പൂരിലേക്ക് 3,200 ഉം അമേരിക്കയിലേക്ക് 2,100 പേരും ചേക്കേറുമെന്നും പ്രതീക്ഷിക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ന്യൂസീലന്‍ഡ് എന്നിവയാണ് ശതകോടീശ്വരന്മാര്‍ ചേക്കേറുന്ന മറ്റ് രാജ്യങ്ങള്‍.