അടച്ചിട്ട വീട്ടില്‍ ദമ്പതികളുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ക്കു സമീപം നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കണ്ടെത്തി. ഉത്തരാഖണ്ഡില്‍ ഡെറാഡൂണിലാണ് സംഭവം.
മൂന്ന് ദിവസമായി പൂട്ടിയിട്ട വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശികളായ കാശിഫ് (25), ഭാര്യ (22) എന്നിവരാണ് മരിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാശിഫിന് വന്‍ തുക സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്.
അതേസമയം, കാശിഫിന്റെ രണ്ടാം ഭാര്യയാണ് മരിച്ച അനം. ആദ്യ വിവാഹത്തിലും ഒരു കുട്ടിയുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ലെന്ന് ആദ്യഭാര്യ നുസ്രത്ത് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. കാശിഫിന്റെ പിതാവിനേയും സഹോദരനേയും വിവരം അറിയിച്ചിരുന്നതായും ആദ്യ ഭാര്യ നുസ്രത്ത് പൊലീസിന് മൊഴി നല്‍കി.