തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ അറസ്റ്റ് ചര്‍ച്ചയാകുകയാണ്. ബിജെപിയ്ക്കും കേന്ദ്രത്തിനെതിരേയും വിമര്‍ശനം ഉയരുന്നതിനിടെ മന്ത്രിയുടെ വളര്‍ച്ചയും വാര്‍ത്തയാകുകയാണ്.
സെന്തില്‍പഞ്ചായത്തംഗമായിട്ടായിരുന്നു സെന്തില്‍ ബാലാജി തുടങ്ങിയത്. പിന്നീട് മൂന്ന് പാര്‍ട്ടികളിലെ പ്രധാന പദവികളിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു.
കരൂരിലെ സാധാരണ കര്‍ഷക കുടുംബത്തിലാണ് സെന്തില്‍ ബാലാജി ജനിച്ചത്. നാലു തവണ എംഎല്‍എയായി. 2006ല്‍ 30ാം വയസില്‍ അണ്ണാഡിഎംകെ അംഗമായി ആദ്യം നിയമസഭയില്‍. 2011ലും ജയിച്ച് ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി.
കുറഞ്ഞ സമയം കൊണ്ടു തന്നെ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വാസ്യത നേടിയെടുക്കാന്‍ സെന്തില്‍ ബാലാജിക്ക് കഴിഞ്ഞു. ജയയ്ക്കു വേണ്ടി തല മുണ്ഡനം ചെയ്തും പൂജകളും നേര്‍ച്ചകളും നടത്തിയും വാര്‍ത്തകളില്‍ ഇടം നേടി. മിതമായ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ 2013ലെ 'അമ്മ കുടിനീര്‍' പദ്ധതിയുടെ ആശയവും അദ്ദേഹത്തിന്റേതായിരുന്നു. എന്നാല്‍, ഗതാഗത വകുപ്പിലെ കോഴ ആരോപണത്തിന്റെ പേരില്‍ തെറ്റിയതോടെ 2015ല്‍ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്തായി.
2016ല്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ അധികാര വടംവലിക്ക് പിന്നാലെ വി കെ ശശികല ടി ടി വി ദിനകരന്‍ വിഭാഗത്തിന്റെ ഒപ്പമായി. 2018ല്‍ ഡിഎംകെയിലെത്തി. പാര്‍ട്ടിക്ക് വിജയമൊരുക്കുന്ന തന്ത്രങ്ങളിലൂടെ സ്റ്റാലിന്റെ വിശ്വസ്തനായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. പിന്നാലെ, നിര്‍ണായക സ്ഥാനങ്ങളും പ്രധാന ചുമതലകളും തേടിയെത്തി.
ഡിഎംകെ പ്രതിരോധത്തിലാകുമ്പോഴൊക്കെ രക്ഷകനായി ബാലാജി അവതരിച്ചു. തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ ബിജെപി സഖ്യത്തിന്റെ ശക്തി കേന്ദ്രമായ പടിഞ്ഞാറന്‍ ജില്ലകളില്‍നിന്ന് ഡിഎംകെയിലേക്ക് വോട്ട് ഒഴുകാന്‍ തുടങ്ങിയതോടെ സെന്തില്‍ ബാലാജിയെന്ന യുവനേതാവ് എതിര്‍കക്ഷികളുടെ നോട്ടപ്പുള്ളിയായി. ഇപ്പോഴിതാ ഗൗരവമേറിയ കേസിലും അകപ്പെട്ടു.