വിവാഹ ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ കുടുംബം. യുപിയിലെ പ്രതാപ്ഗഡിലാണ് സംഭവം. ഹരഖ്പൂര്‍ സ്വദേശി അമര്‍ജീത് വര്‍മയെയാണ് വധുവിന്റെ വീട്ടുകാര്‍ കെട്ടിയിട്ടത്.
വധൂവരന്മാര്‍ പരസ്പരം മാലകളിടുന്ന ' ജയ് മാല' ചടങ്ങിന് തൊട്ടുമുമ്പാണ് സ്ത്രീധനം വേണമെന്ന ആവശ്യം അമര്‍ജീത് വര്‍മ ഉന്നയിച്ചത്. വധുവിന്റെ കുടുംബം കുറച്ചുസമയം നല്‍കണമെന്ന് പറഞ്ഞിട്ടും വരന്‍ കേട്ടില്ല. തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ വരനെ മരത്തില്‍ കെട്ടിയിട്ടത്.
വിവാഹ ചടങ്ങിനെത്തിയ അമര്‍ജീതിന്റെ സുഹൃത്തുക്കള്‍ അപമര്യാദയായി പെരുമാറിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇതിനിടെയാണ് വരന്‍ സ്ത്രീധനം ആവശ്യപ്പെട്ടത്. ഒത്തുതീര്‍പ്പിന് വഴങ്ങാതായതോടെ വധുവിന്റെ കുടുംബം വരനെ കെട്ടിയിടുകയായിരുന്നു. പൊലീസെത്തിയാണ് വരനെ മോചിപ്പിച്ചത്. വിവാഹ ചടങ്ങുകള്‍ക്കു ചെലവഴിച്ച തുക വരന്റെ കുടുംബം നല്‍കണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു.