കമിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങള്‍ കല്ല് കെട്ടി പുഴയില്‍ തള്ളി

കമിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങള്‍ കല്ല് കെട്ടി പുഴയില്‍ തള്ളി
മധ്യപ്രദേശില്‍ കമിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ മൃതദേഹങ്ങള്‍ കല്ല് കെട്ടി പുഴയില്‍ തള്ളി. മധ്യപ്രദേശിലെ ബാലുപുര രത്തന്‍ബസായി ഗ്രാമത്തിലാണ് കമിതാക്കളെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

രത്തന്‍ബസായി സ്വദേശിനിയായ ശിവാനി തോമാര്‍(18) സമീപഗ്രാമത്തിലെ രാധേശ്യാം തോമാര്‍(21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങളായി ഇരുവരെയും കാണാനില്ലെന്നും ശിവാനിയുടെ ബന്ധുക്കള്‍ ഇവരെ കൊലപ്പെടുത്തിയതാണെന്നും ചൂണ്ടിക്കാട്ടി യുവാവിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇരട്ടക്കൊലയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ശിവാനിയും രാധേശ്യാമും ഏറെനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഈ എതിര്‍പ്പ് മറികടന്നും ഇരുവരും അടുപ്പം തുടര്‍ന്നതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്.

നിരവധി മുതലകളും ചീങ്കണ്ണികളുമുള്ള ചമ്പല്‍ നദിയിലാണ് പ്രതികള്‍ മൃതദേഹം തള്ളിയതെന്നാണ് പോലീസ് പറയുന്നത്. മൃതേദഹം കണ്ടെടുക്കാനായി തിരച്ചില്‍ ആരംഭിച്ചതായും മുങ്ങല്‍ വിദഗ്ധരുടെ ഉള്‍പ്പെടെ സഹായം തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Other News in this category



4malayalees Recommends