പതിനൊന്നാം വയസില്‍ വിവാഹം, 20ാം വയസില്‍ അച്ഛനായി; നീറ്റ് കടമ്പ കടന്ന് ഡോക്ടറാകാനൊരുങ്ങി യുവാവ്

പതിനൊന്നാം വയസില്‍ വിവാഹം, 20ാം വയസില്‍ അച്ഛനായി; നീറ്റ് കടമ്പ കടന്ന് ഡോക്ടറാകാനൊരുങ്ങി യുവാവ്
നീറ്റ് പരീക്ഷാ ഫലം ഇക്കഴിഞ്ഞ ജൂണ്‍ 13നാണ് പ്രഖ്യാപിച്ചത്. അഞ്ചാമത്തെ ശ്രമത്തില്‍ നീറ്റ് പരീക്ഷയില്‍ വിജയം നേടിയ ഒരു യുവാവിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രാജസ്ഥാന്‍ സ്വദേശിയായ രാംലാലാണ് 20ാം വയസില്‍ നീറ്റ് പരീക്ഷ പാസായത്. 11ാം വയസില്‍ വിവാഹിതനായ രാംലാല്‍ 20ാം വയസ്സില്‍ അച്ഛനാകുകയും ചെയ്തിരുന്നു. നീറ്റ് പരീക്ഷയ്ക്ക് മാസങ്ങള്‍ മുമ്പാണ് യുവാവിന് കുഞ്ഞ് ജനിച്ചത്.

രാജസ്ഥാനിലെ ചിത്തോര്‍ഗഢ് ജില്ലയിലെ ഗോസുണ്ട ഗ്രാമത്തിലാണ് രാംലാല്‍ ജനിച്ച് വളര്‍ന്നത്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ശൈശവ വിവാഹ രീതിയില്‍ രാംലാലിന്റെ വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം പഠനം ഉപേക്ഷിക്കാന്‍ രാംലാല്‍ തയ്യാറായില്ല. രാംലാലിന്റെ ഈ തീരുമാനത്തെ പിതാവ് ആദ്യം എതിര്‍ത്തു. പിന്നീട് അദ്ദേഹം രാംലാലിന്റെ പഠനത്തിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു.

രാംലാലിന്റെ ഭാര്യയും വിവാഹശേഷം പഠനം അവസാനിപ്പിച്ചില്ല. പത്താം ക്ലാസ് വരെ അവരും പഠിച്ചു. വിവാഹം കഴിഞ്ഞ സമയത്ത് രാംലാല്‍ തുടര്‍ന്ന് പഠിക്കുന്നതിനോട് ഭാര്യയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവിന്റെ പഠനത്തിന് ഇവര്‍ എല്ലാ പിന്തുണയും നല്‍കി.

ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് രാംലാല്‍ പഠിച്ചത്. 74 ശതമാനം മാര്‍ക്കോടെയാണ് രാംലാല്‍ പത്താംക്ലാസ് പരീക്ഷ പാസായത്. പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് തെരഞ്ഞെടുത്തു. അന്ന് മുതല്‍ നീറ്റ് പരീക്ഷയ്ക്കായി ഇദ്ദേഹം തയ്യാറെടുക്കുകയായിരുന്നു.

2019ലാണ് രാംലാല്‍ ആദ്യമായി നീറ്റ് പരീക്ഷയെഴുതിയത്. അന്ന് 350 മാര്‍ക്കാണ് അദ്ദേഹം നേടിയത്. 2020ലും രാംലാല്‍ നീറ്റ് പരീക്ഷയെഴുതി. അന്ന് രാംലാല്‍ 320 മാര്‍ക്കാണ് നേടിയത്. 2021ല്‍ 362 മാര്‍ക്കാണ് നീറ്റ് പരീക്ഷയില്‍ രാംലാല്‍ കരസ്ഥമാക്കിയത്. പിന്നീട് കോട്ടയിലെ ഒരു സ്ഥാപനത്തില്‍ ചേര്‍ന്ന് അദ്ദേഹം നീറ്റ് പരീക്ഷയ്ക്കായി പഠിച്ചു.

തുടര്‍ന്ന് 2022ലെ നാലാമത്തെ ശ്രമത്തില്‍ അദ്ദേഹം 490 മാര്‍ക്ക് നേടി. പിന്നീട് 2023ലെ അഞ്ചാമത്തെ ശ്രമത്തിലാണ് നീറ്റ് കടമ്പ രാംലാല്‍ കടന്നത്.



Other News in this category



4malayalees Recommends