നടന്‍ വിജയ് സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളില്‍ സജീവമാകുന്നതിന്റെ ഭാഗമായി ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചിരുന്നു. സോഷ്യല്‍മീഡിയയിലടക്കം വലിയ അഭിനന്ദനമാണ് ഇതിലൂടെ വിജയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ താരം വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി കോടികള്‍ താരം ചെലവിട്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഈ ചടങ്ങില്‍ വെച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥിനിയ്ക്ക് വിജയ് സമ്മാനിച്ചത് ഡയമണ്ട് നെക്ലേയ്‌സായിരുന്നു. ദിണ്ടിഗല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളായ അണ്ണാമലയാര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി എസ് നന്ദിനിയ്ക്കാണ് വിജയ് വജ്ര മാലയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചത്. ഈ മാലയ്ക്ക് പത്ത് ലക്ഷം വിലയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്‌നാട്ടിലെ തന്നെ പ്ലസ്ടു പരീക്ഷിയില്‍ ഒന്നാം സ്ഥാനം നന്ദിനിയ്ക്ക് ആയിരുന്നു. നന്ദിനിയുടെ അച്ഛന്‍ ശരവണകുമാര്‍ മരപ്പണിക്കാരനും അമ്മ ഭാനുപ്രിയ വീട്ടമ്മയുമാണ്. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും വേദിയിലേക്ക് ക്ഷണിച്ച വിജയ് നെക്ലെസ് അമ്മ ഭാനുപ്രിയയ്ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് അമ്മയാണ് മകളുടെ കഴുത്തില്‍ മാല അണിയിച്ചത്. ശേഷം വിജയ് നന്ദിനിയോടും കുടുംബത്തോടും ഒപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.
നീലാങ്കരയിലുള്ള ആര്‍കെ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. വിജയുടെ ആരാധക സംഘടന വിജയ് മക്കള്‍ ഇയക്കമായിരുന്നു സംഘാടകര്‍. തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളില്‍ നിന്നും മികച്ച വിജയം നേടിയ ആറ് കുട്ടികളെ വീതമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.