ഭാര്യയ്ക്ക് ജീവനാംശമായി യുവാവ് നല്‍കിയത് 55,000 രൂപയുടെ ഒരു രൂപ, രണ്ടു രൂപ നാണയങ്ങള്‍. ജയ്പുര്‍ സ്വദേശിയായ ദശ്‌രഥിനാണ് ജീവനാംശം നാണയങ്ങളായി നല്‍കാന്‍ കോടതി അനുവാദം നല്‍കിയത്. ഒരു രൂപ, രണ്ടു രൂപ നാണയങ്ങള്‍ ഏഴു ചാക്കുകളിലായാണ് ഇയാള്‍ എത്തിച്ചത്.
നാണയങ്ങള്‍ നല്‍കുന്നതിനെതിരെ ഭാര്യ സീമ കുമാവത് ഹര്‍ജി നല്‍കിയെങ്കിലും ദശ്‌രഥിന് ജീവനാംശം നാണയങ്ങളായി നല്‍കാന്‍ അനുവാദം നല്‍കുകയായിരുന്നു.ഭാര്യയ്ക്ക് നല്‍കാനുള്ള പതിനൊന്ന് മാസത്തെ ജീവനാംശ തുകയാണ് നാണയങ്ങളായി നല്‍കിയത്. ഇരുവരുടേയും വിവാഹമോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ജീവാനാംശം പതിനൊന്നു മാസമായി മുടങ്ങിയതിനെ തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയില്‍ ദശ്‌രഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഏഴു ചാക്കുകളില്‍ നിറച്ച 280 കിലോഗ്രാം തൂക്കംവരുന്ന 55,000 രൂപയുടെ നാണയങ്ങളുമായി യുവാവിന്റെ ബന്ധുക്കള്‍ കോടതിയിലെത്തിയത്.
ജീവനാംശ തുക നാണയങ്ങളായി നല്‍കാന്‍ അനുവദിക്കരുതെന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും നാണയങ്ങള്‍ നിയമപരമാണെന്നും ആര്‍ക്കും അവ സ്വീകരിക്കാന്‍ വിസമ്മതിക്കാനാവില്ലെന്നും യുവാവിനു വേണ്ടി വാദിച്ച അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. എന്നാല്‍ നാണയങ്ങള്‍ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി ആയിരം രൂപയുടെ പാക്കറ്റുകളിലായി യുവതിയ്ക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.