യുഎഇയില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കിയതോടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. എണ്‍പതിനായിരത്തിലധികം സ്വദേശികളാണ് രാജ്യത്തെ വിവിധ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നത്. വരും നാളുകളില്‍ സ്വദേശികളുടെ എണ്ണത്തില്‍ ഇനിയും വലിയ വര്‍ധനവ് ഉണ്ടാകും.
യുഎഇ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം എണ്‍പതിനായിരം കടന്നതായി വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലയില്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2018ല്‍ സ്വകാര്യ മേഖലയില്‍ 27,000ത്തോളം സ്വദേശികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 50,000ലേക്കും പിന്നാലെ 80,000മായും ഉയരുകയായിരുന്നു.
ദുബായിലാണ് ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് അബുദാബിയാണ്. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ തുടങ്ങിയ എമിറേറ്റുകള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാര്‍ ഉളള കമ്പനികളാണ് ഇപ്പോള്‍ സ്വദേശി വത്ക്കരണത്തിന്റെ പരിധിയില്‍ ഉളളത്. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ സ്വദേശി വത്ക്കരണത്തിന്റെ പരിധി ഉയര്‍ത്തും.