യുഎഇയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചു; അമ്പതോളം കമ്പനികള്‍ക്കെതിരെ നടപടി
യുഎഇയില്‍ 50ഓളം കമ്പനികള്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. 55,192 പരിശോധനകളാണ് രണ്ട് മാസത്തിനുള്ളില്‍ നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കൊടുംചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുതിന്റെ ഭാഗമായാണ് ജൂണ്‍ 15 മുതല്‍ യുഇഎയില്‍ ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയത്.
ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണിവരെയാണ് ഇടവേള. ഈ സമയങ്ങളില്‍ തൊഴിലാളികളെ പുറം ജോലി ചെയ്യിപ്പിക്കരുതെന്നാണ് മാനവ വിഭവശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം രാജ്യത്തെ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അടിയന്തര സേവന മേഖല ഒഴികെ പുറം ജോലി ചെയ്യുന്ന എല്ലാ വിഭാഗം കമ്പനികള്‍ക്കും നിയമം ബാധകമാണ്.
എന്നാല്‍ ചില കമ്പനികള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നാണ് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ നടത്തിയ പരിശോധനയിലാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത 50ഓളം കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമന്നും മാനവവിഭവ ശേഷി സ്വദേശി വത്ക്കരണ മന്ത്രാലം മുന്നറിയിപ്പ് നല്‍കി.