യുഎഇയുടെ ബഹിരാകാശ സഞ്ചാരി ഡോ. സുല്‍ത്താന്‍ അല്‍ നെയാദിയോടുള്ള ബഹിരാകാശത്തോളം ഉയര്‍ന്ന ആരാധന കാരണം മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് ഓടിത്തീര്‍ത്തത് 1600 കിലോമീറ്റര്‍. മലപ്പുറം തിരൂര്‍ സ്വദേശി ഫിറോസ് ബാബു മുണ്ടേക്കാട്ട് (44) ആണ് അല്‍ നെയാദിയുടെ ആറുമാസം നീണ്ടുനിന്ന ദീര്‍ഘകാല ബഹിരാകാശ ദൗത്യത്തിനൊപ്പം ദുബായില്‍ 1600 കിലോമീറ്റര്‍ ഓടിയത്.
അല്‍ നെയാദി ദൗത്യം ആരംഭിച്ച മാര്‍ച്ച് മൂന്നിന്റെ തലേന്നാണ് ഫിറോസ് ബാബു ഓട്ടം ആരംഭിച്ചത്. ദിവസവും അദ്ദേഹത്തിനോടുള്ള ആരാധനയ്ക്കായി 10 കിലോമീറ്റര്‍ ദൂരം ഓടുകയെന്നതായിരുന്നു തീരുമാനം. ദേരയില്‍ നിന്നും ഓട്ടംതുടങ്ങിയ ഫിറോസ് ബാബു എല്ലാ ദിവസവും ഓടിയസമയവും ദൂരവുമെല്ലാം ആപ്പില്‍ രേഖപ്പെടുത്തി വെച്ചു.
തനിക്ക് ഭൂമിയില്‍നിന്ന് ബഹിരാകാശത്തോളം ഉയരുന്നതാണ് സുല്‍ത്താന്‍ അല്‍ നെയാദിയോടുള്ള ആരാധനയെന്നാണ് ഫിറോസ് ബാബു പറയുകയാണ്. അതേസമയം, നെയാദി ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലിറങ്ങിയ തിങ്കളാഴ്ച ദുബായില്‍നിന്ന് അബുദാബിവരെ ഓടാന്‍ ആഗ്രഹിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം ഫിറോസ് ബാബുവിന് ഓടാനായില്ല.
അതികഠിനമായ ചൂട് ദൗത്യത്തില്‍ നിന്നും പിന്തിരിപ്പിച്ചെങ്കിലും 1600 കിലോമീറ്റര്‍ ഓടിത്തീര്‍ക്കാനായതിന്റെ ചാരുതാര്‍ത്ഥ്യത്തിലാണ് ഈ പ്രവാസി യുവാവ്.
പതിനാല് വര്‍ഷത്തോളമായി ദുബായില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ആണ് ഫിറോസ് ബാബു. 2020ല്‍ 19 മണിക്കൂര്‍കൊണ്ട് 100 കിലോമീറ്റര്‍ ഓടിയിരുന്നു. യുഎഇയുടെ അമ്പതാം ദേശീയദിനത്തിന് 29 മണിക്കൂര്‍കൊണ്ട് 169 കിലോമീറ്റര്‍ ദൂരം ഓടിയും ആഘോഷമാക്കിയിരുന്നു. യുഎഇയിലെ പ്രമുഖമായ ഓട്ടക്കാരുടെ ക്ലബുകളില്‍ അംഗമാണ് ഫിറോസ് ബാബു.