ദുബായിയുടെ യാത്രാ വഴികളില്‍ സുപ്രധാന നാഴികകല്ലായ മെട്രോയ്ക്ക് ഇന്ന് 14 വയസ്. 2009 സെപ്റ്റംബര്‍ ഒമ്പതിന് സ്ഥാപിതമായ മെട്രോ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുടെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ്. പ്രിതിദിനം 1.7 ദശലക്ഷത്തിലധികം ആളുകളാണ് മെട്രോയില്‍ സഞ്ചരിക്കുന്നത്.
മെട്രോയ്ക്ക് 47 സ്‌റ്റേഷനുകളാണുള്ളത്. ദുബായില്‍ മെട്രോ ആരംഭിച്ചത് മുതല്‍ അറ്റകുറ്റ പണികള്‍ക്കായി റോഡ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി 1.68 കോടി മണിക്കൂറാണ് ചിലവിട്ടത്. റെയിലുകള്‍, തുരങ്കങ്ങള്‍, ഗാരേജുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കായാണ് ഇത്രയധികം സമയം ചെലവിട്ടിരിക്കുന്നത്.
മെട്രോയുടെ അടിസ്ഥാന സൗകര്യങ്ങള്‍, ട്രെയിനുകള്‍, സ്റ്റേഷനുകള്‍, സംവിധാനങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ അറ്റകുറ്റ പണികള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ 14 വര്‍ഷമായി, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തടസ്സമില്ലാത്തതും ഉയര്‍ന്ന നിലവാരമുള്ളതുമായ യാത്രാ അനുഭവം യാത്രക്കാര്‍ക്ക് ഉറപ്പാക്കുന്നതിനും ആര്‍ടിഎ ശ്രമിച്ചിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി എല്ലാ ട്രെയിന്‍ സൗകര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ മെട്രോ ശൃംഖലയില്‍ 10,000ലധികം സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. 900 ഓട്ടോമേറ്റഡ് ഫെയര്‍ ഗേറ്റുകള്‍, 548 എസ്‌കലേറ്ററുകള്‍, 273 എലിവേറ്ററുകള്‍, 96 ഇലക്ട്രിക് നടപ്പാതകള്‍, എയര്‍കണ്ടീഷന്‍ ചെയ്ത നടപ്പാലങ്ങള്‍ എന്നിവയെല്ലാം ഉപയോക്താക്കള്‍ക്ക് സുഗമവും സുരക്ഷിതവുമായ ഗതാഗത അനുഭവം ഉറപ്പാക്കുന്നു.