ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഇസ്‌കൂട്ടറും സൈക്കിളും ഓടിച്ചാല്‍ പിഴ ഈടാക്കുമെന്ന് ആര്‍ടിഎ
ദുബായില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഇസ്‌കൂട്ടറും സൈക്കിളും ഓടിച്ചാല്‍ ശക്തമായ നടപടിയെന്ന മുന്നറിയിപ്പ് നല്‍കി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. നിശ്ചിത പാതയിലൂടെ മാത്രം ഇസ്‌കൂട്ടര്‍ ഓടിക്കണമെന്നും വേഗപരിധി ഉള്‍പ്പെടെയുളള നിയമങ്ങള്‍ പാലിക്കണമെന്നും ആര്‍ടിഎ മുന്നറിയിപ്പ് നല്‍കി. ഈ നിയമം ലംഘിക്കുന്നവരില്‍ നിന്ന് 300 ദിര്‍ഹം വരെ പിഴയും ഈടാക്കുമെന്നും ആര്‍ടിഎ അറിയിച്ചു.
ഇസ്‌കൂട്ടറും സൈക്കുളുകളും ഉപയോഗിക്കുന്നവരുടെ നിയമ ലംഘനങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ആര്‍ടിഎ പൊതുജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിശ്ചിത പാതയിലൂടെ മാത്രമെ സൈക്കിളുകളും ഇസ്‌കൂട്ടറുകളും ഓടിക്കാന്‍ പാടുള്ളൂ. സൈക്കിളില്‍ മറ്റൊരു ആളെ കൂടി കയറ്റിയാല്‍ 200 ദിര്‍ഹമാണ് പിഴ. ഇസ്‌കൂട്ടറിന് 300 ദിര്‍ഹവുമാണ് പിഴ. സുരക്ഷാ ഗിയറും ഹെല്‍മറ്റും ധരിച്ചില്ലെങ്കില്‍ 200 ദിര്‍ഹം പിഴ അടക്കേണ്ടി വരും.
നിശ്ചിത വേഗപരിധി പാലിക്കാത്തവര്‍ക്ക് 100 ദിര്‍ഹവും മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ സൈക്കിള്‍ ഓടിച്ചാല്‍ 300 ദിര്‍ഹവുമാണ് പിഴ. റെസിഡന്‍ഷ്യല്‍ ഏരിയകളിലും ബീച്ചുകളിലും ട്രാക്കുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 20 കിലോ മീറ്ററാണ്. റോഡുകളിലും ട്രാക്കുകളിലും സ്ഥാപിച്ചിട്ടുളള ദിശാസൂചനകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നവരില്‍ നിന്ന് 200 ദിര്‍ഹം പിഴ ഈടാക്കും.12 വയസ്സിന് താഴെയുള്ള കുട്ടികള്‍ പൊതു നിരത്തുകളില്‍ സൈക്കിള്‍ ഓടിക്കുന്നതും കുറ്റകരമാണ്.
യുഎഇയില്‍ ഇസ്‌കൂട്ടറും ഇലക്ട്രിക് സൈക്കിളുകളും ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ അടുത്തിടെ വലിയ വര്‍ധയാണ് രേഖപ്പെടുത്തിയിരിക്കുന്നത്