യുഎഇ എംബസികളുടെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടതോടെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. വിദേശത്ത് യുഎഇ എംബസികളുടെ പേരില്‍ വിവിധ സഹായങ്ങള്‍ ലഭ്യമാണെന്ന് അറിയിച്ച് വരുന്ന സന്ദേശങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് മുന്നറിയിപ്പ് നിര്‍ദേശം പുറപ്പെടുവച്ചത്.
യുഎഇ എംബസികള്‍, ഓഫീസര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ പേരുകളില്‍ വ്യാജ ഇമെയിലുകള്‍ അല്ലെങ്കില്‍ ഫോണ്‍ കോളുകള്‍ എന്നിവ വഴിയാണ് തട്ടിപ്പ്. വിദ്യാര്‍ഥികളുമാണ് പ്രധാനമായും തട്ടിപ്പിന് ഇരയാകുന്നത്. കൈക്കൂലി നല്‍കിയാല്‍ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനം സാധ്യമാക്കാമെന്നും സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാമെന്നും അറിയിച്ചാണ് സന്ദേശം അയക്കുന്നത്.
ഈ സേവനങ്ങള്‍ ലഭിക്കാന്‍ മുന്‍കൂറായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ്. ഇത്തരം ഇമെയിലുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകള്‍ നേരിടുന്നവര്‍ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ എമര്‍ജന്‍സി ഹോട്ട്‌ലൈന്‍ (0097180024) നമ്പറില്‍ ബന്ധപ്പെടണമെന്നും അഭ്യര്‍ഥിക്കുന്നു.