2023 ഡിസംബറിന് സാധാരണയേക്കാള്‍ കുറഞ്ഞ മഴയാണ് യുഎഇയ്ക്ക് ലഭിച്ചത്. ഇത് ചെറിയ തോതിലുള്ള വിന്ററിലേക്ക് നയിക്കുകയും ചെയ്തു. എന്നിരുന്നാലും 2024 ആരംഭത്തില്‍ തന്നെ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ തുടക്കം കുറിച്ച് കൊണ്ട് കാലാവസ്ഥയില്‍ മാറ്റം വരുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.
യുഎഇയില്‍ നടക്കുന്ന ക്ലൗഡ് സീഡിംഗിലൂടെ ഓരോ വര്‍ഷവും പെയ്യുന്ന മഴയില്‍ ചുരുങ്ങിയത് 15% വര്‍ദ്ധനവ് ലഭിക്കാറുണ്ട്. ഈ സീഡിംഗ് ദൗത്യങ്ങളിലൂടെ 84 മുതല്‍ 419 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് ലഭ്യമാകുന്നത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി രാജ്യത്തിന്റെ നോര്‍ത്ത് മേഖലയില്‍ മഴമേഘങ്ങള്‍ രൂപംകൊള്ളുകയും, പെട്ടെന്നുള്ള ചെറിയ മഴയും ലഭിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മീറ്റിയോറോളജിയിലെ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. ഇതിന് പിന്നാലെയാണ് യുഎഇയിലെ നോര്‍ത്ത് മേഖലകളില്‍, ഹട്ടാ, അല്‍ എയ്‌നിലെ ചില മേഖലകള്‍, ഫുജെയ്‌റയിലെ ഭാഗങ്ങളില്‍ എന്നിവിടങ്ങളില്‍ ക്ലൗഡ് സീഡിംഗ് നടത്തിയത്.
മുന്‍വര്‍ഷങ്ങളില്‍ നവംബര്‍ മുതല്‍ ജനുവരി വരെ കാലയളവില്‍ ശക്തമായ തോതില്‍ മഴ ലഭിച്ചിരുന്നു. ഈ വര്‍ഷം കാലാവസ്ഥാ വ്യത്യാസങ്ങള്‍ മഴയുടെ തോത് കുറയ്ക്കുകയും ചെയ്തു.