ലുലുഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ എം എ യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷങ്ങള്‍ക്ക് ആദരവായി പ്രഖ്യാപിച്ച 50 കുട്ടികള്‍ക്കായുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് അപേക്ഷ ക്ഷണിച്ച് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്. ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ ഷംഷീര്‍ വയലിലാണ് 'ഗോള്‍ഡന്‍ ഹാര്‍ട്ട്' എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്.
ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നാണ് വിപിഎസ് ഹെല്‍ത്ത് കെയര്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. hope@vpshealth.com എന്ന മെയില്‍ വഴി അപേക്ഷകളും ആവശ്യമായ രേഖകളും സമര്‍പ്പിക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു. ആവശ്യമായ രേഖകളില്‍ കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തണം. ഡോ. ഷംഷീറിന്റെ യുഎഇ, ഒമാന്‍, ഇന്ത്യ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടക്കുക. .
കുട്ടികളിലെ ജന്മനാലുള്ള ഹൃദ്രോഗത്തിന് ശസ്ത്രക്രിയ നടത്താന്‍ ഭാരിച്ച ചിലവ് വരുന്നതിനാല്‍ സര്‍ജറി നടത്താന്‍ പ്രതിസന്ധി നേരിടുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് കൈത്താങ്ങാണ് പദ്ധതി. മനുഷ്യത്വപരമായ ഇടപെടലുകള്‍ കുടുംബത്തിന്റെ തന്നെ ഭാഗമാണെന്നും അതേ പാതയിലൂടെ യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ട് അടയാളപ്പെടുത്താനാണ് ശ്രമമെന്നും ഡോ. ഷംഷീര്‍ പറഞ്ഞിരുന്നു. എം എ യൂസഫലിയുടെ മൂത്ത മകളും വിപിഎസ് ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍പേഴ്‌സണുമായ ഡോ.ഷബീന യൂസഫലിയെയാണ് ഡോ.ഷംഷീര്‍ വിവാഹം കഴിച്ചത്. ഡോ. ഷംഷീറിന്റെ കുടുംബ ഓഫീസായ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രവാസത്തിന്റെ ഗോള്‍ഡന്‍ ജൂബിലി നിറവിലാണ് എം എ യൂസഫലി. 1973 ഡിസംബര്‍ 26ന് ബോംബെ തുറമുഖത്ത് നിന്നും പുറപ്പെട്ട് ആറു ദിവസം നീണ്ട കപ്പല്‍ യാത്രക്കൊടുവിലാണ് 19കാരനായ യൂസഫലി ദുബായില്‍ എത്തുന്നത്. തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശിയാണ് എം എ യൂസഫലി. തന്റെ യാത്രക്കായി അദ്ദേഹം ഉപയോഗിച്ച മുഴുവന്‍ പാസ്‌പോര്‍ട്ടും അദ്ദേഹം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നീണ്ട യാത്രയുടെ ഓര്‍മ്മക്കായി സൂക്ഷിക്കുന്ന ആദ്യ പാസ്‌പോര്‍ട്ട് ഉള്‍പ്പടെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അബുദാബിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ചെന്ന് യൂസഫലി കാണിച്ചു കൊടുത്തിരുന്നു.